ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണോ സ്റ്റീവ് സ്മിത്താണോ അതോ ജോയ് റൂട്ടാണോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതിനിടെ ഇവരൊന്നും അല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ചീഫ് സെലക്ടർ സന്ദീപ് പട്ടീൽ. കോഹ്ലിയെക്കാൾ കേമൻ രോഹിത് ശർമയെന്നാണ് സന്ദീപ് പട്ടീൽ പറയുന്നത്.
”വിരാട് കോഹ്ലിയുടെ ആരാധകർക്ക് ഞാൻ പറയുന്നത് ഇഷ്ടപ്പെടില്ലെന്ന് അറിയാം. എന്നാൽ നിലവിൽ കോഹ്ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ രോഹിത് ശർമയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്സ്മാനാണ് കോഹ്ലി. എന്നാൽ ഏകദിനത്തിലും ടി20 യിലും കോഹ്ലിയെക്കാൾ കേമൻ രോഹിത്താണ്” സന്ദീപ് പട്ടീൽ പറഞ്ഞു.
”ബ്രേക്കിനുശേഷം മടങ്ങിയെത്തി കോഹ്ലി സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ റൺമല ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ ഈ വർഷത്തിലെ ലിമിറ്റഡ് ഓവേഴ്സ് ക്രിക്കറ്റിൽ രോഹിത്തിന്റെ പ്രകടനം അവിശ്വസനീയമാണ്. ശ്രീലങ്കയ്ക്കെതിരെ കോഹ്ലിയെക്കാൾ കൂടുതൽ മൽസരങ്ങൾ കളിച്ചത് രോഹിത്താണെന്ന് ക്രിക്കറ്റ് പ്രേമികൾക്ക് പറയാം. ഈ നിമിഷത്തിൽ ബാറ്റ്സ്മാൻ ആയും ക്യാപ്റ്റൻ ആയും ബെസ്റ്റ് ആണെന്ന് തെളിയിച്ചത് രോഹിത് ശർമയാണ്” സന്ദീപ് പട്ടീൽ പറഞ്ഞു.
കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത് ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടിട്വന്റി പരമ്പര രോഹിത് ശർമ നേടിയിരുന്നു. ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയും ടിട്വന്റിയും സെഞ്ചുറിയും രോഹിത് നേടി.