മുംബൈ: ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാമെന്ന റെക്കോർഡുമായാണ് രോഹിത് ശർമയെന്ന ഇന്ത്യൻ ഓപ്പണർ 2019 അവസാനിപ്പിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായി ഇഞ്ചോടിഞ്ച് മത്സരിച്ചാണ് രോഹിത് അവസാനം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് കോഹ്‌ലിയായിരുന്നു മുന്നിലെങ്കിലും വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ നേടിയ 159 റൺസിൽ രോഹിത് നായകനെ മറികടന്നു. കട്ടക്കിൽ 63 റൺസ് കൂടി കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാനും രോഹിത്തിനായി. 85 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും രോഹിത്തിനെ മറികടക്കാൻ കോഹ്‌ലിക്ക് സാധിച്ചില്ല.

28 ഏകദിന മത്സരങ്ങളിൽ നിന്നായി 1490 റൺസാണ് രോഹിത് 2019ൽ മാത്രം അടിച്ചെടുത്തത്. 26 മത്സരങ്ങളിൽനിന്ന് 1377 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 28 മത്സരങ്ങളിൽനിന്ന് 1345 റൺസ് നേടിയ വിൻഡീസ് ഓപ്പണർ ഷായ് ഹോപ്പാണ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്ത്.

Also Read: രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തിരുത്തി രോഹിത്

ഇന്ത്യയ്ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരവും രോഹിത് തന്നെ. വിൻഡീസിനെതിരെ വിശാഖ പട്ടണത്ത് രോഹിത് നേടിയ 159 റൺസാണ് ഇന്ത്യയ്ക്കായി ഒരു താരം നേടുന്ന ഈ വർഷത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2013 മുതൽ ഇന്ത്യൻ കുപ്പായത്തിൽ ഓരോ വർഷവും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് രോഹിത്താണ്.

2013 – 209 റൺസ്
2014 – 264 റൺസ്
2015 – 150 റൺസ്
2016 – 171* റൺസ്
2017 – 208* റൺസ്
2018 – 162 റൺസ്
2019 – 159 റൺസ്

രാജ്യാന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്താണ് രോഹിത് ശർമ 2019 അവസാനിപ്പിക്കുന്നത്. കലണ്ടർ വർഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തിൽ ഒരു റെക്കോർഡ് തിരുത്തി. അതും 22 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കിൽ മാറിയത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്.

Also Read: ഇനിയൊരു ഇടവേള; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ രോഹിത് ശർമ

ഇന്ത്യൻ കുപ്പായത്തിൽ ഓപ്പണറായി ഇറങ്ങി കട്ടക്കിൽ ഒമ്പത് റൺസ് തികച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം പിറന്നത്. 1997ൽ സനത് ജയസൂര്യ 2388 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് രോഹിത് മറികടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook