ഇന്ത്യയുടെ ഓപ്പണിങ് താരങ്ങളാണ് ശിഖർ ധവാനും രോഹിത് ശർമ്മയും. ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ട് പലപ്പോഴും ഇന്ത്യയ്ക്ക് നെടുംതൂണായിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ഈ കൂട്ടുകെട്ട് തുടക്കത്തിൽതന്നെ തകർന്നു. ധവാൻ റൺസൊന്നും നേടാതെയാണ് കളം വിട്ടത്. എന്നാൽ രോഹിത് ശർമ്മ സെഞ്ചുറി നേടിയാണ് മടങ്ങിയത്. 129 ബോളിൽനിന്നും 133 റൺസായിരുന്നു രോഹിത് അടിച്ചു കൂട്ടിയത്.

ബാറ്റിങ്ങിൽ വെടിക്കെട്ട് വിസ്മയം തീർക്കുന്ന ഹിറ്റ്മാനെ ഡാൻസിൽ തോൽപ്പിച്ചിരിക്കുകയാണ് ധവാന്റെ മകൾ. രോഹിത് ശർമ്മയെ ഫ്ലോസ് ഡാൻസ് പഠിപ്പിക്കുന്ന ധവാന്റെ മകളുടെ വീഡിയോ ബിസിസിഐ ആണ് ഷെയർ ചെയ്തത്. ഡാൻസ് ചെയ്യാൻ നോക്കി തളർന്ന രോഹിത് ഒടുവിൽ ധവാന്റെ മകളുടെ മുന്നിൽ മുട്ടു മടക്കി. രോഹിത്തിനു പിന്നാലെ കേദാർ ജാദവ് വെല്ലുവിളി ഏറ്റെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. ധവാന്റെ ഭാര്യ അയേഷയും ഈ സമയം അവിടെ ഉണ്ടായിരുന്നു.

കരിയറിലെ തന്റെ 22-ാം സെഞ്ചുറിയാണ് രോഹിത് സിഡ്നിയിൽ കുറിച്ചത്. ഇതിൽ ഏഴ് സെഞ്ചുറികളും കങ്കാരുക്കൾക്കെതിരെ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആകെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലിയുടെയും ശ്രീലങ്കൻ താരം ദിൽഷന്റെയും ഒപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ. ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook