ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ഉത്തരവാദിത്തങ്ങൾ കൂടി വരികയാണ്. പന്ത് കുട്ടികളെ നോക്കാൻ മിടുക്കനാണെന്ന് ടിം പെയ്നിന്റെ ഭാര്യ ബോണിയുടെ വാക്കുകളിലൂടെയാണ് ക്രിക്കറ്റ് ലോകം അറിയുന്നത്. പെയ്നിന്റെ കുഞ്ഞുങ്ങളെ പന്ത് എടുത്തുനിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്താണ് പന്ത് നല്ലൊരു ബേബി സിറ്ററാണെന്ന് ബോണി വെളിപ്പെടുത്തിയത്.

ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പര കഴിഞ്ഞശേഷം ബോണി തന്റെ കുഞ്ഞുങ്ങളെ നോക്കാൻ വരാമോയെന്ന് പന്തിനോട് ചോദിച്ചു. ബാഗ് അണ്‍ പാക്ക് ചെയ്യണമെന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ പന്തിന് വരാനാകുമോ എന്നുമാണ് ബോണി ചോദിച്ചത്. കുട്ടിയോടൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ബോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബോണിയുടെ ക്ഷണത്തിന് പന്ത് മറുപടി നല്‍കുമോ എന്നറിയാൻ കാത്തിരിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിലെ ഒരു അംഗം പന്തിനോട് ബേബി സിറ്റർ ആകുമോയെന്ന് ചോദിച്ചിരിക്കുന്നത്.

രോഹിത് ശർമ്മയാണ് തന്റെ മകൾ സമൈയ്റയെ നോക്കാൻ വരുമോയെന്ന് പന്തിനോട് ചോദിച്ചത്. ”നീ നല്ലൊരു ബേബി സിറ്ററാണെന്ന് കേട്ടു, ഇപ്പോൾ എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട്. റിത്വികയും വളരെ സന്തോഷവതിയാകും,” ഇതായിരുന്നു രോഹിത് ശർമ്മ ട്വീറ്റ് ചെയ്തത്. രോഹിത് ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോഴാണ് റിത്വിക പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ രോഹിത് നാട്ടിലേക്ക് മടങ്ങുകയും സിഡ്നി ടെസ്റ്റ് താരത്തിന് നഷ്ടമാവുകയും ചെയ്തു. നാട്ടിലെത്തിയ രോഹിത് ട്വിറ്ററിലൂടെ മകളുടെ ചിത്രം പങ്കുവച്ചാണ് സന്തോഷം പങ്കിട്ടത്. മകൾക്ക് സമൈയ്റ എന്നു പേരിട്ട വിവരവും ട്വിറ്ററിലൂടെയാണ് രോഹിത് വെളിപ്പെടുത്തിയത്.

Read: മകളുടെ പേര് വെളിപ്പെടുത്തി രോഹിത് ശർമ്മ, ഒപ്പം പൊന്നോമനയുടെ ചിത്രവും

ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലൂടെയാണ് റിഷഭ് പന്ത് നല്ലൊരു ബേബി സിറ്ററാണെന്ന് തെളിയിച്ചത്. പരമ്പരയിലെ ആവേശകരമായ പോരായിരുന്നു പെയ്‌നും പന്തും തമ്മിലുണ്ടായത്. പന്തിനെ കളിയാക്കി പെയ്ന്‍ ആണ് പോരിന് തുടക്കം കുറിച്ചത്. ധോണി ടീമില്‍ തിരിച്ചെത്തിയ സ്ഥിതിക്ക് പന്തിനോട് തന്റെ വീട്ടിലേക്ക് വന്ന് കുട്ടികളെ നോക്കാമോ എന്നായിരുന്നു പെയ്ന്‍ ചോദിച്ചത്. ഇതിന് മൈതാനത്ത് പന്ത് ആദ്യം മറുപടി നല്‍കി. പെയ്‌നെ താല്‍ക്കാലിക ക്യാപ്റ്റനെന്ന് വിളിച്ചായിരുന്നു പന്തിന്റെ മറുപടി. അതിന് പിന്നാലെ പെയ്‌ന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ബേബി സിറ്റിങ്ങിനുള്ള മറുപടി പന്ത് വീണ്ടും നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook