കൊറോണ വൈറസ് കളി മൈതാനങ്ങളെയും നിശ്ചലമാക്കിയതോടെ താരങ്ങൾ പലരും ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. തത്സമയ സംവാദവും ചർച്ചയും നേരംപോക്ക് പറച്ചിലുമൊക്കെയായി ആരാധകരർക്കൊപ്പവും തങ്ങളുടെ പ്രിയപ്പെട്ട സഹതാരങ്ങൾക്കൊപ്പവും സമയം പങ്കിടുകയാണ് പലരും. അത്തരത്തിലാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമ്മയും സൂപ്പർ താരം സുരേഷ് റെയ്നയും ഒന്നിച്ച് ഇൻസ്റ്റഗ്രാം ലൈവിലെത്തിയത്.
ഏറെക്കാലം ഇന്ത്യൻ ദേശീയ ടീമിൽ സഹതാരങ്ങളായിരുന്ന ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് ടീമുകൾക്കുവേണ്ടിയാണ് കളിക്കുന്നത്. രോഹിത് മുംബൈയുടെ നായകനും റെയ്ന ചെന്നൈയുടെ ചിന്നത്തലയുമാണ്. ഇൻസ്റ്റഗ്രാം ലൈവിനിടെ രണ്ട് ടീമുകളിലെയും താരങ്ങളെ മാത്രം ഉൾപ്പെടുത്തി എക്കാലത്തെയും മികച്ച ചെന്നൈ-മുംബൈ ഐപിഎൽ തിരഞ്ഞെടുത്തിരിക്കുകയാണ് ഇരുവരും.
Also Read: ഏറ്റവും ശക്തനായ ബാറ്റ്സാമാനും മികച്ച ഫിനിഷറും ധോണി തന്നെ: ഗ്രെഗ് ചാപ്പൽ
ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ഡുൽക്കറും മാത്യൂ ഹെയ്ഡനുമാണ് ടീമിലെ ഓപ്പണർമാർ. സച്ചിൻ മുംബൈ താരവും ഹെയ്ഡൻ ചെന്നൈ താരവുമായിരുന്നു. നിലവിൽ ചെന്നൈ താരമായി തുടരുന്ന ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസാണ് മൂന്നാം നമ്പരിലെത്തുന്നത്. നാലാം നമ്പരിൽ കളിക്കുന്നത് രണ്ട് ടീമിന്റെയും ഭാഗമായിരുന്ന അമ്പാട്ടി റയ്ഡുവാണ്. തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച റയ്ഡു 2017ലാണ് ചെന്നൈയിലെത്തുന്നത്.
Also Read: അതിവേഗ അർധ സെഞ്ചുറി; തന്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് യുവി
മധ്യനിരയുടെ കരുത്ത് മുംബൈയുടെ വിൻഡീസ് വെടിക്കെട്ട് വീരൻ കിറോൺ പൊള്ളാർഡാണ്. ഫിനിഷറുടെയും വിക്കറ്റ് കീപ്പറുടെയും റോളിൽ സാക്ഷൽ എംഎസ് ധോണി എത്തുമ്പോൾ പേസ് ഓൾറൗണ്ടർമാരുടെ റോളിൽ ചെന്നൈ താരം ഡ്വെയ്ൻ ബ്രാവോയും ഹാർദിക് പാണ്ഡ്യയുമാണ് എത്തുന്നത്. രവീന്ദ്ര ജഡേജ സ്പിൻ ഓൾറൗണ്ടറാകും. ജസ്പ്രീത് ബുംറയാണ് ടീമിലെ പേസ് അറ്റാക്കിന്റെ ചുമതല. സ്പിന്നറായിയെത്തുന്നതും രണ്ട് ടീമിലും കളിച്ച ഒരു താരമാണ്, ഹർഭജൻ സിങ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും. 12 സീസണുകളിലായി മുംബൈ നാല് തവണ കിരീടം സ്വന്തമാക്കിയപ്പോൾ പത്ത് സീസണുകൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് തവണയും ലീഗ് ജേതാക്കളായി. ഏറ്റവും കൂടുതൽ ഫൈനൽ കളിച്ച ടീമും ചെന്നൈ തന്നെയാണ്.