ഇന്ത്യയുടെ ഓസിസ് പര്യടനത്തിന് മുന്നെ സന്ദർശകർക്ക് തിരിച്ചടി. പരുക്ക് വില്ലനായതോടെ രണ്ട് മുതിർന്ന താരങ്ങൾക്ക് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ നഷ്ടമാകും. ഐപിഎല്ലിനിടെ പരുക്കേറ്റ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമയെയും പേസർ ഇഷാന്ത് ശർമയെയുമാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഏകദിന-ടി20 ടീമിലേക്ക് നേരത്തെയും രോഹിത്തിനെ പരിഗണിച്ചിരുന്നില്ല.

പരുക്കിന്റെ പിടിയിലായ ഇരു താരങ്ങളും ഇതുവരെ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് രോഹിത്. ഇഷാന്ത് പരുക്കിൽ നിന്ന് മടങ്ങിവരുന്ന ഘട്ടമാണ്. വൈകാതെ തന്നെ ഇരു താരങ്ങളും ഓസ്ട്രേലിയയിൽ എത്തേണ്ടതുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ 14 ദിവസത്തെ ക്വാറന്റൈനാണ് താരങ്ങൾക്കുള്ളത്.

Also Read: ആദ്യ മത്സരം നവംബർ 27ന്; ഓസ്ട്രേലിയൻ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ

അതേസമയം ഇഷാന്ത് ശർമയ്ക്ക് മൂന്നാം ടെസ്റ്റിൽ കളിക്കാമെന്നാണ് ബിസിസിഐ കണക്ക് കൂട്ടുന്നത്. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാച്ച് ഫിറ്റാകാൻ നാല് ആഴ്ചയും കൂടി വേണ്ടിവരും. ഒരു സന്നാഹ മത്സരം കളിച്ച ശേഷം മാത്രമേ താരത്തിന് ടീമിലുൾപ്പെടുത്താൻ സാധിക്കൂ.

Also Read: കോഹ്‌ലി താളം കണ്ടെത്തണം, അല്ലാത്തപക്ഷം ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരും: ക്ലർക്ക്

രോഹിത്തിന് പരുക്കിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയതുമാണ് തിരിച്ചടിയായത്. ഐപിഎല്ലിന് ശേഷം നേരിട്ട് ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ ഒരു ബയോ ബബിളിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയതിനാൽ ക്വാറന്റൈൻ പൂർത്തിയാക്കി അതിവേഗം തന്നെ പരിശീലനം ആരംഭിക്കാൻ സാധിച്ചു. നിലവിലെ സാഹചര്യത്തിൽ ഡിസംബർ എട്ടിന് മാത്രമേ രോഹിത്തിന് ഓസ്ട്രേലിയയിലേക്ക് പുറപ്പെടാൻ സാധിക്കൂ.

Also Read: വിരാട് കോഹ്ലിയുടെ പിതൃത്വ അവധി: ബിസിസിഐ തീരുമാനത്തിൽ പ്രതികരണവുമായി കപിൽദേവ്

അതേസമയം രോഹിത്തിന് നാല് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ശ്രേയസ് ഓസ്ട്രേലിയയിൽ തന്നെ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുമുണ്ട്. ഇഷാന്ത് ശർമയ്ക്ക് ആവശ്യത്തിലധികം പകരക്കാർ ടീമിനൊപ്പമുണ്ട്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, നവ്ദീപ് സൈനി എന്നിവരടങ്ങുന്ന പേസ് നിര ശക്തമാണ്. ഇതിനുപുറമെ കാർത്തിക് ത്യാഗി, ഇഷാൻ പോറൽ എന്നീ യുവതാരങ്ങളും നെറ്റ് ബോളർമാരായി ടീമിന്റെ ഭാഗമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook