ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പടെ നാല് പേരെ ശുപാർശ ചെയ്തു.രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സിലക്ഷൻ കമ്മിറ്റി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ, എം‌എസ് ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഖേൽ രത്ന സ്വന്തമാക്കുന്ന നാലാമത്തെ താരം ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശർമ. 1998 ൽ സച്ചിനും 2007 ൽ ധോണിക്കും 2018 ൽ കോഹ്‌ലിക്കും ഖേൽ രത്‌ന ലഭിച്ചു.

Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്; രണ്ടാം സ്ഥാനം നിലനിർത്തി കോഹ്‌ലി, ബുംറയ്ക്ക് വീണ്ടും തിരിച്ചടി

2019ലെ മികച്ച പ്രകടനമാണ് രോഹിത് ശർമയെ പുരസ്കാരത്തിന് ശുപാർശ ചെയ്യാൻ കാരണം. മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ കഴിഞ്ഞ വർഷം സാധിച്ച രോഹിത്തിന് ലോകകപ്പ് വേദിയിലും മിന്നും പ്രകടനം പുറത്തെടുക്കാൻ പറ്റിയിരുന്നു. ഏകദിന ഫോർമാറ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു. ഏഴ് സെഞ്ചുറി ഉൾപ്പടെ 1490 റൺസാണ് കഴിഞ്ഞ വർഷം ഏകദിനത്തിൽ മാത്രം സ്വന്തമാക്കിയത്. ഒരു കാലണ്ടർ വർഷം ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസും രോഹിത്തായിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാര്‍ശ ചെയ്യുകയും നാലുപേര്‍ക്കും ഒരുമിച്ച് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.

Also Read: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കായിക പുരസ്കാരങ്ങൾ വിർച്വലായിട്ടായിരിക്കും നൽകുക. എല്ലാവർക്കും അവരവർ ആയിരിക്കുന്ന സ്ഥലത്തിരുന്നു തന്നെ ലോഗിൻ ചെയ്യാൻ സാധിക്കും.

രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ്, അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻ ചന്ദ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് ദേശീയ കായിക പുരസ്കാരങ്ങൾ. എല്ലാ വർഷവും ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook