ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രോഹിത്-ധവാൻ സഖ്യം. നിശ്ചിത ഓവർ ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന കൂട്ടുകെട്ടാണ് ഇന്ത്യയുടെ പല വിജയങ്ങൾക്കും അടിത്തറ പാകിയത്. ഇന്ത്യയുടെ മധ്യനിരയിൽ രാജ്യാന്തര കരിയർ ആരംഭിച്ച രോഹിത് 2013ലാണ് ഓപ്പണറുടെ റോളിലേക്ക് മാറിയത്.

മധ്യനിരയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രോഹിത്തിന് കൊടുത്ത പണികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹിറ്റ്മാൻ. തുടക്കക്കാരനായ തന്നോട് പലപ്പോഴും ധവാൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി രോഹിത് പറയുന്നു. ആദ്യ ഓവറിൽ സ്ട്രൈക്ക് നേരിടാൻ ധവാൻ ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

Also Read: നിങ്ങളാഗ്രഹിക്കുന്നതെന്തും ഞാൻ തരാം, ഇനി അത് വേണ്ട; ഓസിസ് ഇതിഹാസത്തിന് മുന്നിൽ ധോണി വച്ച ഓഫർ

“വിഡ്ഢിയെന്നല്ലാതെ അവനെ വേറെയെന്താണ് പറയുക? ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിടാന്‍ ധവാന് ഇഷ്ടമില്ലായിരുന്നു. സ്പിന്നര്‍മാര്‍ വരട്ടെയെന്നു പറയും. ഫാസ്റ്റ് ബോളര്‍മാരെ ആദ്യ ഓവറില്‍ നേരിടാന്‍ അവന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു,” രോഹിത് പറഞ്ഞു. അതുകൊണ്ട് തന്നെ പലപ്പോഴും തന്നോട് ആദ്യ ഓവറിൽ സ്ട്രൈക്കെടുക്കാൻ ധവാൻ ആവശ്യപ്പെടുമായിരുന്നു. അന്ന് അത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ധവാനോടൊപ്പം ഓപ്പണറായി ഇറങ്ങിയത് ഇപ്പോഴും ഓര്‍മയുണ്ട്. ടൂര്‍ണമെന്റില്‍ താന്‍ ഓപ്പണറായി കളിച്ച രണ്ടാം മല്‍സരം, എതിരാളികള്‍ ദക്ഷിണാഫ്രിക്ക. മോര്‍നെ മോര്‍ക്കല്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരടക്കമുള്ളവര്‍ ബോളിങ് നിരയില്‍. ഇവര്‍ക്കെതിരെ അതുവരെ താന്‍ ന്യൂബോള്‍ കളിച്ചിരുന്നില്ലെന്നും രോഹിത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായുള്ള ലൈവിൽ രോഹിത് പറഞ്ഞു.

Also Read: സച്ചിനില്ലാതെ അഫ്രീദിയുടെ എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പ് ഇലവൻ; ഇന്ത്യയിൽ നിന്ന് ഒരു താരം

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഓവർ കളിക്കണമെന്ന് ധവാനോട് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നായിരുന്നു ധവാന്റെ മറുപടി. ഓപ്പണറായി പരിചയസമ്പന്നനായ ധവാനോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ധവാൻ കൂട്ടാക്കിയില്ല. ഇതോടെ താൻ തന്നെ സ്ട്രൈക്കെടുക്കേണ്ടി വന്നെന്ന് രോഹിത് പറഞ്ഞു. മോര്‍ക്കലെറിഞ്ഞ ആദ്യത്തെ കുറച്ചു പന്തുകള്‍ കാണാന്‍ പോലുമായില്ല. അത്രയും ബൗണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല. അതിനു താന്‍ തയ്യാറെടുത്തിരുന്നില്ലെതാണ് യാഥാര്‍ഥ്യം. ന്യൂ ബോളിനെതിരേ എങ്ങനെ കളിക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്നും രോഹിത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook