ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെ വെളിപ്പെടുത്തി ഇപ്പോഴത്തെ വെെസ് ക്യാപ്‌റ്റൻ രോഹിത് ശർമ. ഇന്ത്യ കണ്ട മികച്ച നായകൻ ആരാണെന്ന ചർച്ച വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപറ്റി നടക്കുന്നുണ്ട്. ഒരു സമയത്ത് കപിൽ ദേവിനെയും സൗരവ്‌ ഗാംഗുലിയെയും താരതമ്യം ചെയ്‌തവരുണ്ടായിരുന്നു. പിന്നീട് ഗാംഗുലിയെയും ധോണിയെയും താരതമ്യം ചെയ്‌തു. ഇപ്പോൾ ഇതാ ധോണിയെയും വിരാട് കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നു.

ഇതുവരെ ഇന്ത്യ കണ്ട നായകൻമാരിൽ എം.എസ്.ധോണിയാണ് ഏറ്റവും മികച്ച നായകനെന്നാണ് ഇന്ത്യയുടെ സ്റ്റാർ ഓപ്പണറും ഹിറ്റ്‌മാനുമായ രോഹിത് ശർമ പറയുന്നത്. “ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻ ധോണിയാണ്. നന്നായി നയിക്കാനറിയുന്ന വ്യക്തിയാണ് അദ്ദേഹം. മൂന്ന് ഐസിസി കിരീടങ്ങൾ ധോണിയുടെ നായക മികവിൽ ഇന്ത്യയ്‌ക്ക് ലഭിച്ചു. ഫീൽഡിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ അറിയുന്ന താരമാണ് ധോണി. ക്ഷമയാണ് ധോണിയെ മികച്ച നായകനാക്കുന്നത്. ക്ഷമയുള്ള നായകനായതിനാൽ പക്വമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു,” രോഹിത് ശർമ പറഞ്ഞു.

Read Also: സിപിയും കാമുകിയും പിന്നെ പ്രിയദർശനും; സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് ഒരപൂർവചിത്രം

“ധോണിക്കു കീഴിൽ യുവതാരങ്ങൾ അധികം സമ്മർദത്തിൽ ആകാറില്ല. അങ്ങനെ ആരെങ്കിലും സമ്മർദത്തിലായാൽ അതിനെയെല്ലാം തണുപ്പിക്കാൻ ധോണിക്ക് സാധിക്കും. കോഹ്‌ലി ക്യാപ്‌റ്റൻസി ഏറ്റെടുത്ത ശേഷവും കളിയിൽ നിർണായക തീരുമാനങ്ങളെടുക്കുന്നതിൽ ധോണി വ്യക്‌തമായ പങ്കുവഹിച്ചു. പേസർമാരെ ധോണി കൃത്യമായി നയിച്ചു. ഏതെങ്കിലും യുവതാരങ്ങൾ സമ്മർദത്തിലായാൽ ധോണി അവരുടെ അടുത്തുപോകും. അവരോട് സംസാരിക്കും. അവർക്കു ആവശ്യമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊടുക്കും.” രോഹിത് പറഞ്ഞു.

അതേസമയം, ന്യൂസിലൻഡിനെതിരായ ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച രോഹിത് ശർമ ഇപ്പോൾ പരുക്കിന്റെ പിടിയിലാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത്തിന് പരുക്കേറ്റിരുന്നു. ഏകദിന, ടെസ്റ്റ് പരമ്പരകളിൽ രോഹിത്തിന് കളിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. മൂന്ന് ആഴ്‌ചത്തെ വിശ്രമം രോഹിത്തിനു വേണമെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook