തിരുവനന്തപുരം: വിൻഡീസിനെതിരെ തിരുവനന്തപുരത്തും ഇന്ത്യയുടെ ആധികാരിക വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.

ഏകദിന പരമ്പരയിലുടനീളം ഇന്ത്യയുടെ ബാറ്റിങ് നിരയും ബോളിങ് നിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിൽ എടുത്തു പറയേണ്ടത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ പ്രകടനമാണ്. രണ്ട് സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തിൽ രോഹിതിന്റെ പങ്ക് വലുതായിരുന്നു. തകർത്തടിച്ച രോഹിത് തിരുവനന്തപുരത്ത് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി.

ഏകദിനത്തിൽ മൂന്ന് തവണ ഇരട്ടസെഞ്ചുറി തികച്ച രോഹിത് സിക്സറുകളുടെ കാര്യത്തിലും ഇരട്ട സെഞ്ചുറി തികച്ചിരിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്. 187 ഇന്നിങ്സുകളിൽ നിന്നുമാണ് രോഹിത് 200 സിക്സറുകൾ പായിച്ചത്. 195 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ പാക്കിസ്ഥാൻ താരം അഫ്രീദിനെയാണ് ഹിറ്റ്മാൻ മറികടന്നത്.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനം കാര്യവട്ടത്ത് നടക്കുമ്പോൾ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇരുന്നൂറ് സിക്സുകളിലേക്ക് എത്താൻ വേണ്ടിയിരുന്നത് രണ്ടു സിക്സ് കൂടിയായിരുന്നു. മത്സരത്തിൽ രോഹിത് 4 സിക്സറുകൾ പായിച്ചു. 56 പന്തുകൾ നേരിട്ട രോഹിത് 63 റൺസാണ് നേടിയത്.

200 സിക്സറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. മുൻ നായകൻ എം.എസ്.ധോണിയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യൻ താരം. ആകെ ഏഴ് താരങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 248 ഇന്നിങ്സുകളിൽ നിന്നുമാണ് ധോണി 200 സിക്സറുകൾ നേടിയത്.

2018 ൽ 18 ഏകദിന ഇന്നിങ്സുകളിൽനിന്നായി 967 റൺസാണ് രോഹിത് നേടിയത്. 63 റൺസ് കൂടി ഇന്ന് നേടിയ രോഹിത് 1000 റൺസ് തികച്ചു. ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറുകയും ചെയ്തു. കോഹ്‌ലിയാണ് ഈ പട്ടികയിൽ മുന്നിൽ. 13 ഇന്നിങ്സുകളിൽനിന്നായി 1,169 റൺസാണ് കോഹ്‌ലി 2018 ൽ അടിച്ചുകൂട്ടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ