വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഓപ്പണർമാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രോഹിത്തും രാഹുലും സെഞ്ചുറി തികച്ച മത്സരത്തിൽ 388 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിന് മുന്നിൽ ഉയർത്തിയത്. ഒന്നാം വിക്കറ്റിൽ 227 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. വിശാഖപട്ടണത്ത് ഇന്ത്യയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡും രോഹിത്തും രാഹുലും ചേർന്ന് തിരുത്തിയെഴുതി.
ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് വിശാഖപട്ടണത്ത് പിറന്നത്. 17 വർഷം പഴക്കമുള്ള സൗരവ് ഗാംഗുലി – വീരേന്ദർ സേവാഗ് കൂട്ടുകെട്ടിന്റെ റെക്കോർഡാണ് രാ-രോ സഖ്യം മറികടന്നത്. 2002ൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്നെയാണ് ഇരുവരും 196 റൺസ് അടിച്ചെടുത്തത്. ഇതാണ് വിശാഖപട്ടണത്ത് രോഹിത്തും രാഹുലും തങ്ങളുടെ പേരിൽ തിരുത്തിയെഴുതിയത്.
മത്സരത്തിൽ ഒരുപാട് വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. 104 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 102 റൺസ് രാഹുൽ നേടിയപ്പോൾ, 138 പന്തിൽ 159 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. അഞ്ചു സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ രോഹിത്തിനായി. വിൻഡീസിനെതിരെ വിശാഖപട്ടണത്തും സെഞ്ചുറി തികച്ച രോഹിത് ഈ വർഷം നേടുന്ന ഏഴമത്തെ ശതകമാണ് ഇത്. ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലി, ഓസിസ് താരം ഡേവിഡ് വാർണർ എന്നിവർക്കൊപ്പമാണ് താരം രണ്ടാം സ്ഥാനം പങ്കിടുന്നത്. 1998ൽ ഒരു കലണ്ടർ വർഷം ഒമ്പത് സെഞ്ചുറികൾ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സെഞ്ചുറി വേട്ട.
സിക്സറുകളുടെ എണ്ണത്തിലും മുന്നിൽ രോഹിത് തന്നെ. രാജ്യാന്തര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തം. 2019ൽ മാത്രം രോഹിത് 77 തവണയാണ് ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പറത്തിയത്. കഴിഞ്ഞ രണ്ടു വർഷവും രോഹിത് തന്നെയായിരുന്നു ഈ റെക്കോർഡ് കുറിച്ചത്.