ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 യിലെ പരാജയത്തിന് രണ്ടാം മത്സരത്തില്‍ വെടിക്കെട്ടിലൂടെയാണ് രോഹിത് ശര്‍മ്മ മറുപടി പറഞ്ഞത്. രോഹിത്തിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തിയത്. 43 പന്തുകളില്‍ നിന്നും 85 റണ്‍സാണ് രോഹിത് നേടിയത്.
രോഹിത്തിന്റെ 100-ാം രാജ്യാന്തര ടി20 മത്സരമായിരുന്നു ഇന്നലെ രാജ്കോട്ടില്‍ അരങ്ങേറിയത്. ആറ് സിക്സുകളും അത്ര തന്നെ ഫോറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തിന്റെ കരുത്തില്‍ 26 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ 154 എന്ന ലക്ഷ്യം മറികടന്നത്. രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനത്തിന് അഭിനന്ദനവുമായി ഇതിഹാസ താരം വിരേന്ദര്‍ സെവാഗ് എത്തിയിരിക്കുകയാണ്. വിരാട് കോഹ്ലിക്ക് പോലും സാധിക്കാത്തത് രോഹിത്തിന് കഴിയുമെന്നാണ് സെവാഗ് പറയുന്നത്.
”സച്ചിന് കളിക്കുമ്പോള്‍ പറയുമായിരുന്നു, ഞാന്‍ ചെയ്യുന്നത് നിനക്കും പറ്റും എന്ന്. പക്ഷെ അദ്ദേഹത്തിന് പറ്റുന്നത് മറ്റുള്ളവര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. രോഹിത് ശര്‍മ്മ അത്തരത്തിലുള്ളൊരു താരമാണ്. രോഹിത് ശര്‍മ്മയ്ക്ക് സാധിക്കുന്നത് വിരാട് കോഹ്ലിക്ക് പോലും കഴിയില്ല. ഓരോവറില്‍ മൂന്നും നാലും സിക്സ് അടിക്കുന്നു, 45 പന്തില്‍ 80-90 റണ്‍സ് നേടുന്നു, കോഹ്ലി അങ്ങനെ അധികമൊന്നും ചെയ്യുന്നത് കണ്ടിട്ടില്ല” എന്നായിരുന്നു സെവാഗിന്റെ പ്രതികരണം.
ഇന്നലെ രോഹിത്തും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുക്കെട്ട് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 118 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 പന്തുകളില്‍ നിന്നുമായിരുന്നു രോഹിത്തിന്റെ അര്‍ധ സെഞ്ചുറി. ഈ മത്സരം ഇന്ത്യ ജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലാണ്. ഞായറാഴ്ച നാഗ്പൂരിലാണ് അവസാന മത്സരം.