മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഐപിഎല്ലില്‍ മലിംഗയുടെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകന് കൂടിയാണ് രോഹിത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തോടെയാണ് മലിംഗ കളി മതിയാക്കിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും മലിംഗ നേടി. 338 വിക്കറ്റുകളുമായി ഏകദിനത്തിലെ ഒമ്പതാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് മലിംഗയുടെ കരിയര്‍ അവസാനിച്ചത്.
”കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചവരില്‍ ഒരു മാച്ച് വിന്നറെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഈ മനുഷ്യന് മുന്നിലുണ്ടാകുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന നിലയില്‍ സമ്മർദം നിറഞ്ഞ സാഹചര്യങ്ങളില്‍ അദ്ദേഹം എനിക്ക് ആശ്വാസമായിരുന്നു. ഒരിക്കലും പ്രതീക്ഷ കാക്കാതിരുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ധാരാളമായിരുന്നു. ഭാവിയിലേക്ക് എല്‍എമ്മിന് ആശംസകള്‍” രോഹിത് ട്വിറ്ററില്‍ കുറിച്ചു.
If I had to pick one match winner among many others for @mipaltan in the last decade, this man will be on the top for sure. As a captain he give me breather during tense situation and he never failed to deliver, such was his presence within the team. Best wishes LM for the future pic.twitter.com/gJJJKy8gL3
— Rohit Sharma (@ImRo45) July 26, 2019
മുംബൈയിലെ സഹതാരമായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും മലിംഗയ്ക്ക് ആശംസ നേര്‍ന്നു. ക്രിക്കറ്റിന് വേണ്ടി ചെയ്തതിന് എല്ലാം നന്ദിയെന്ന് പറഞ്ഞ ബുംറ മലിംഗയുടെ അവസാന മത്സരത്തിലെ പ്രകടനത്തേയും പ്രശംസിച്ചു. മുംബൈയ്ക്ക് ഈ ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ പോലും മലിംഗയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു മലിംഗ പ്രതിരോധിച്ചത്.
Classic Mali spell Thank you for everything you've done for cricket. Always admired you and will always continue to do so .
— Jasprit Bumrah (@Jaspritbumrah93) July 26, 2019
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം അവരുടെ സുവര്‍ണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറെയേറെ നാളുകളായി ശ്രീലങ്കയുടെ മുഖമായിരുന്നു മലിംഗ. നിര്‍ണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ലോകത്തെ പേരുകേട്ട ബാറ്റിങ് നിരയെ വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും മലിംഗ നേരിട്ടു. കൃത്യതയാര്‍ന്ന യോര്‍ക്കറുകളായിരുന്നു മലിംഗയുടെ പ്രധാന സവിശേഷത.
രണ്ട് തവണ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. 2007ലും 2011ലും ലോകകപ്പ് കലാശപോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കിരീടം കൈവിട്ടുപോയി. 2009ലും 2012ലും ടി20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. 2014ല്‍ ആ കിരീടം ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു.
മലിംഗയുടെ ഏകദിന അരങ്ങേറ്റം 2004ലായിരുന്നു. 219 ഇന്നിങ്സുകളില്‍ നിന്നായി 338 വിക്കറ്റുകളാണ് മലിംഗ ഏകദിനത്തില്‍ വീഴ്ത്തിയത്. ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മലിംഗ. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് തവണ ഹാട്രിക് നേടിയ ഏക താരവും മലിംഗയാണ്. തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയും മലിംഗ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പില്‍ മാത്രം 56 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. 2011 ല്‍ ടെസ്റ്റ് മത്സരങ്ങള്‍ അവസാനിപ്പിച്ച മലിംഗ ടി20 മത്സരങ്ങളില്‍ ഇനിയും ലങ്കന്‍ കുപ്പായം അണിയും.