ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ചരിത്ര ടി20 വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. മുഹമ്മദ് നയിമും മുഹമ്മദ് മിഥുനും ലക്ഷ്യത്തിലേക്ക് എന്ന സൂചനകളും നൽകി. എന്നാൽ ഇന്ത്യൻ ബോളിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദീപക് ചാഹർ ബംഗ്ലാദേശ് പ്രതീക്ഷകൾ എറിഞ്ഞിട്ടു. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഹാട്രിക്കുൾപ്പടെ താരം വീഴ്ത്തിയത് ആറ് ബംഗ്ലാദേശ് വിക്കറ്റുകളായിരുന്നു.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു ദീപക് ചാഹറിന്റെ അക്രമണത്തിൽ കടുവകൾ വീണ് തുടങ്ങിയത്. നാലാം പന്തിൽ ലിറ്റൺ ദാസിനെയും അടുത്ത പന്തിൽ തന്നെ സൗമ്യ സർക്കാരിനെയും പുറത്താക്കി ചാഹർ സൂചന നൽകി. ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റും ചാഹറിന്റെ പന്തിൽ. 13-ാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് മിഥുനെയും ചാഹർ കൂടാരം കയറ്റി. പിന്നീട് 18-ാം ഓവറെറിയാനെത്തിയ ചാഹർ അവസാന പന്തിൽ ഷാഫിൽ ഇസ്ലാമിനെ മടക്കി, അവസാന ഓവറിന്റെ ആദ്യ പന്തുകളിൽ തന്നെ മുസ്തഫിസുർ റഹ്മാനെയും അമീൻ ഹൊസൈനെയും മടക്കിയയച്ച് ചാഹറിന് ഹാട്രിക്കും ഇന്ത്യയ്ക്ക് മത്സരവും പരമ്പരയും.

Also Read: സഞ്ജുവിന്റെ ജന്മദിനാഘോഷം കളറാക്കി ഇന്ത്യന്‍ ടീം; ചാഹലിന് പിറന്നാളുകാരന്റെ കേക്ക് ഏറ്

നായകൻ രോഹിത് ശർമ്മ തന്നിലർപ്പിച്ച വിശ്വാസവും തന്നോട് പറഞ്ഞ വാക്കുകളുമാണ് ഹാട്രിക്കുൾപ്പടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് ചാഹർ പറഞ്ഞു. തന്നെ ബുംറയെപോലെ ഉപയോഗിക്കുമെന്നായിരുന്നു രോഹിത് തന്നോട് പറഞ്ഞതെന്നും ചാഹർ.

“ഞാൻ നിന്നെ ഇന്ന് ബുംറയെപോലെ ഉപയോഗിക്കും. നിർണായക ഘട്ടങ്ങളിലായിരിക്കും നീ പന്തെറിയുക. അത് എന്നെ ഏറെ പ്രചോദിപ്പിച്ചു. സമ്മർദ്ദ ഘട്ടങ്ങളിൽ എനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നത് എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്, അതായത് എന്നെ വിശ്വാസിക്കാമെന്നാണല്ലോ അതിന്റെ അർത്ഥം. നായകനിൽ നിന്ന് ലഭിച്ച ഈ പ്രചോദനമാണ് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചത്,” ചാഹർ പറഞ്ഞു.

Also Read: ബംഗ്ലാകടുവകളെ വീഴ്ത്തിയ ഇന്ത്യൻ സിംഹക്കുട്ടി; നാഗ്‌പൂരിൽ ചരിത്രമെഴുതി ദീപക് ചാഹർ

രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവും മികച്ച് ബോളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് ഇക്കാര്യത്തിൽ ചാഹർ മറികടന്നത്. 2012ൽ സിംബാബ്‌വെയ്ക്കെതിരെ എട്ട് റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതും 2011ൽ ഓസ്ട്രേലിയയ്ക്കെതിരെ 16 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതുമായിരുന്നു മെൻഡിസിന്റെ മികച്ച പ്രകടനം. ഇതു തിരുത്തിയെഴുതിയിരിക്കുകയാണ് ദീപക് ചാഹർ.

രാജ്യാന്തര ടി20 മത്സരത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപക് ചാഹർ. രാജ്യാന്തര താരങ്ങളിൽ പന്ത്രണ്ടാമനും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലെയും കണക്കെടുത്താൽ ഹാട്രിക് നേടുന്ന ഏഴമത്തെ താരമാണ് ചാഹർ. ടെസ്റ്റിൽ ഹർഭജൻ സിങ്ങും ഇർഫാൻ പഠാനും, ഏകദിനത്തിൽ ചേതൻ ശർമ്മ, കപിൽ ദേവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നീ തരങ്ങളും മാത്രമാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Also Read: സ്റ്റമ്പിലേക്ക് നോക്കാതെ ടെയ്‌ലറെ റണ്‍ ഔട്ടാക്കി ബില്ലിങ്‌സ്; ധോണിക്ക് പഠിക്കുവാണോന്ന് ആരാധകര്‍

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്കായില്ല. ബംഗ്ലാദേശ് ഇന്നിങ്‌സ് 144 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook