ഈ വർഷം ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ താരമാണ് ഇഷാൻ കിഷൻ. 15.25 കോടി രൂപയ്ക്കാണ് ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാനെ മുംബൈ ടീമിലെത്തിച്ചത്. എന്നാൽ സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ ഇഷാന് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ, താരലേലത്തിൽ വലിയ തുകയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നൽകിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാൻ കിഷൻ. ആദ്യ ദിവസങ്ങളിൽ തുക മനസ്സിൽ ഉണ്ടായിരുന്നെന്നും എന്നാൽ അതിനെ കുറിച്ച് ചിന്തിച്ച് സമ്മർദ്ദത്തിലാകരുതെന്ന് മുതിർന്ന താരങ്ങൾ ഉപദേശിച്ചിരുന്നെന്നും ഇഷാൻ പറഞ്ഞു.
“പ്രൈസ് ടാഗ് സമ്മർദ്ദം കുറച്ച് ദിവസത്തേക്ക് ഉണ്ടാകും, അത് മുതിർന്നവരോട് സംസാരിക്കുന്നതും നിങ്ങളുടെ ആശങ്കകൾ പങ്കിടുന്നതും നല്ലതാണ്,” ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ഇഷാൻ പറഞ്ഞു. “രോഹിത് (ശർമ്മ), വിരാട് ഭായ് (വിരാട് കോഹ്‌ലി), ഹാർദിക് ഭായ് (പാണ്ഡ്യ) തുടങ്ങിയ മുതിർന്ന താരങ്ങൾ വിലയെ കുറിച്ച് താൻ ചിന്തിക്കേണ്ടതില്ലെന്നും, ഇത് ഞാൻ ആവശ്യപ്പെട്ടതല്ലെന്നും പറഞ്ഞു”. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനെകുറിച്ച് ചിന്തിക്കുന്നതിന് പകരം കൂടുതൽ ശ്രദ്ധ തന്റെ കളി മെച്ചപ്പെടുത്തുന്നതിലായിരുന്നെന്ന് ഇഷാൻ പറഞ്ഞു. “പ്രൈസ് ടാഗിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, എന്റെ കളി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആ ഞാൻ എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനം. ആ ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരായതിനാൽ അവരോട് സംസാരിച്ചത് സഹായിച്ചു.” അവരോട് സംസാരിച്ചപ്പോൾ തന്റെ സമ്മർദ്ദം ലഘൂകരിക്കപ്പെട്ടെന്നും ഇഷാൻ വ്യക്തമാക്കി.
ക്യാപ്റ്റനും പരിശീലകനും തന്നോട് തന്റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച തുടക്കം നൽകുക പിന്നീട് 30, 40 റൺസിൽ പുറത്താകാതെ അതിനെ വലിയ സ്കോറാക്കി മാറ്റുക എന്നതാണ് ടീമിലെ തന്റെ ഉത്തരവാദിത്തമെന്നും ഇടംകയ്യൻ ബാറ്റർ പറഞ്ഞു. സീസണിൽ ഇതുവരെ 321 റൺസാണ് ഇഷാൻ കിഷന്റെ സമ്പാദ്യം.
Also Read: ടേബിൾ ടെന്നീസിൽ വിരാട് കോഹ്‌ലിയെ തോൽപ്പിച്ച് ബാംഗ്ലൂരിന്റെ ബയോ ബബിൾ മാനേജർ; വീഡിയോ