ടി20യിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേട്ടം തകർക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് വെറും 11 റൺസ്. ഇന്നു ലക്‌നൗവിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ആ നേട്ടം രോഹിത് നേടുമോ എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. രോഹിത് 11 റൺസ് നേടിയാൽ ടി20യിൽ ഏറ്റവും അധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിന് അർഹനാവും.

നിലവിൽ 62 മത്സരങ്ങളിൽനിന്നായി 2102 റൺസുമായി കോഹ്‌ലിയാണ് മുന്നിൽ. 85 മത്സരങ്ങളിൽനിന്നും 2092 റൺസുമായി രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. 1605 റൺസുമായി റെയ്ന മൂന്നാം സ്ഥാനത്തും 1487 റൺസുമായി ധോണി നാലാം സ്ഥാനത്തും 1177 റൺസുമായി യുവരാജ് സിങ് അഞ്ചാം സ്ഥാനത്തുമാണ്.

അതേസമയം, 2017 മുതൽ ടിട്വന്റിയിൽ ഏറ്റവും അധികം റൺസെടുത്ത താരങ്ങളിൽ രോഹിത് മൂന്നാം സ്ഥാനത്താണ്. 915 റൺസുമായി പാക്കിസ്ഥാന്റെ ബാബർ അസ്സമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 777 റൺസുമായി ന്യൂസിലൻഡ് താരം കോളിൻ മൺറോയാണ് രണ്ടാമത്. മൺറോ കഴിഞ്ഞാൽ 2017 മുതൽ ഇങ്ങോട്ട് രണ്ടു സെഞ്ചുറികൾ നേടിയിട്ടുളള താരം രോഹിത് മാത്രമാണ്. മൺറോയുടെ പേരിൽ മൂന്നു സെഞ്ചുറികളാണുളളത്.

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഇന്നു ലക്‌നൗവിൽ നടക്കുക. എകാന രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനെ അഞ്ചു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ