ലണ്ടന്‍: വിംബിള്‍ഡണില്‍ അപ്രതീക്ഷിത തോല്‍വി. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് സെമി കാണാതെ പുറത്തായിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കകാരനായ കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫെഡററെ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഫെഡററുടെ പരാജയം. സ്‌കോര്‍ 6-2 7-5 5-7 4-6 11-13.

ആദ്യ രണ്ട് സെറ്റും ഫെഡറര്‍ അനായാസം നേടിയിരുന്നു. മൂന്നാം സെറ്റില്‍ തന്നെ മത്സരം ഫെഡറര്‍ സ്വന്തമാക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്ന് മാച്ച് പോയിന്റ് കയ്യിലിരിക്കെ ഫെഡറര്‍ സെറ്റ് നഷ്ടപ്പെടുത്തി. മൂന്നാം സെറ്റ് 5-7ന് ആന്‍ഡേഴ്‌സണ്‍ നേടുകയായിരുന്നു. തുടര്‍ച്ചയായി 34 സെറ്റുകള്‍ വിജയിച്ച ശേഷമാണ് ഫെഡറര്‍ക്ക് വിംബിള്‍ഡണില്‍ ഒരു സെറ്റ് വിട്ടുകൊടുക്കുന്നത്. നാലാം സെറ്റില്‍ ഫെഡററുടെ ഒരു സര്‍വീസ് ബ്രേക്ക് ചെയ്ത് 4-6ന് ദക്ഷിണാഫ്രിക്കകാരന്‍ സെറ്റ് സ്വന്തമാക്കി.

അവസാന സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങി. പരസ്പരം സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അവസരം നല്‍കിയതുമില്ല. ആന്‍ഡേഴ്സണ്‍ സെര്‍വിനൊരുങ്ങുമ്പോള്‍ ഫെഡറര്‍ 6-5ന് മുന്നില്‍. ഗെയിമിലെ ആദ്യ രണ്ട് സെര്‍വും ബ്രേക്ക് ചെയ്ത് ഫെഡറര്‍ 30-0ന് മുന്നില്‍. പിന്നാലെ ആന്‍ഡേഴ്സണ്‍ ഒപ്പമെത്തി 30-30. വൈകാതെ ഗെയിമും ആന്‍ഡേഴ്സണ്‍ സ്വന്തമാക്കി. സ്‌കോര്‍ 6-6.

അധികം വൈകാതെ 11-11. എന്നാല്‍ ഫെഡററുടെ അടുത്ത് സെര്‍വ് ബ്രേക്ക് ചെയ്ത ആന്‍ഡേഴ്സണ്‍ സ്‌കോര്‍ 11-12ലേക്ക് ഉയര്‍ത്തി. പിന്നാലെ സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം വിജയിച്ച് ആന്‍ഡേഴ്സണ്‍ മത്സരം സ്വന്തമാക്കി. വിംബിള്‍ഡണ്‍ നിലവിലെ ചാംപ്യനാണ് റോജര്‍ ഫെഡറര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ