മെൽബൺ: അയാൾ തന്നെ, പ്രായക്കണക്കിൽ എഴുതി തള്ളാനാകില്ലെന്ന് വീണ്ടുമൊരിക്കൽ കൂടി ഗ്രാന്റ്സ്ലാം കിരീടം നേടിയിരിക്കുന്നു റോജർ ഫെഡറർ. മെൽബണിലെ റോഡ് ലാവർ അറീനയിലെ മൈതാനത്ത് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ടെന്നീസ് ലോകത്തെ മറ്റൊരു ഇതിഹാസമായ റാഫേൽ നദാലിനെ കീഴടക്കിയാണ് ഫെഡറർ ആസ്ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തിയത്. സ്കോർ 6-4, 3-6, 6-1, 3-6, 6-3.
ആദ്യാവസാനം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ വേഗമേറിയ സർവ്വീസുകളും റിട്ടേണുകളുമാണ് ഫെഡറർക്ക് വിജയവഴി ഒരുക്കിയത്. മുപ്പത്തിയഞ്ച് വയസസ്സുള്ള ഫെഡറർ അന്താരാഷ്ട്ര കളിക്കളത്തിൽ നിന്ന് വിരമിക്കേണ്ട സമയമായെന്ന വിമർശനങ്ങൾ നിലനിൽക്കേയാണ് തന്റെ കരിയറിലെ 18 മത് ഗ്രാന്റ്സ്ലാം നേട്ടത്തിലേക്ക് അദ്ദേഹം എത്തിയത്.
ആദ്യ നാല് സെറ്റുകളിൽ രണ്ടെണ്ണം വീതം നേടി തുല്യനിലയിലായിരുന്നു ഇരുവരും അഞ്ചാം സെറ്റിലേക്ക് എത്തിയത്. മൂന്നാം സെറ്റിൽ മത്സരത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ ഫെഡറർ തന്റെ വരുതിയിലേക്ക് കളിയെ എത്തിച്ചു. ആദ്യത്തെ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടാം സെറ്റിൽ തിരികെ വന്ന നദാൽ തീർത്തും ദുർബലപ്പെടുന്നതാണ് മൂന്നാം സെറ്റിൽ കണ്ടത്. നാലാം സെറ്റിൽ ഫെഡറർക്ക് മേൽ ആധിപത്യം സ്ഥാപിച്ച് നദാൽ മത്സരത്തിലേക്ക് തിരികെയെത്തി. ടെന്നിസ് കളി ആസ്വാദകർക്ക് എക്കാലവും ഓർമ്മിക്കാവുന്ന ക്ലാസിക് പോരാട്ടമായി ഇതോടെ ഓസീസ് ഓപ്പൺ പുരുഷ ഫൈനൽ 2017 മാറി.