scorecardresearch

ഇതിഹാസം കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

അടുത്ത വാരം ലണ്ടണില്‍ നടക്കുന്ന ലേവര്‍ കപ്പായിരിക്കും താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ്

ഇതിഹാസം കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

ന്യൂഡല്‍ഹി: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത വാരം ലണ്ടണില്‍ നടക്കുന്ന ലേവര്‍ കപ്പായിരിക്കും താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ്.

നാല്‍പ്പത്തിയൊന്നുകാരനായ ഫെഡറര്‍ 2021 വിംബിള്‍ഡണ് ശേഷം ടെന്നിസ് കോര്‍ട്ടിലെത്തിയിട്ടില്ല. കാല്‍മുട്ടിന് വീണ്ടും പരിക്കേറ്റതോടെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കരിയറില്‍ മൂന്നാമത്തെ തവണയൊണ് കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യുന്നത്.

“എന്റെ ശരീരം എനിക്ക് വ്യക്തമായ സന്ദേശം നല്‍കിയിരിക്കുന്നു, 24 വർഷമായി ഞാൻ 1,500 ലധികം മത്സരങ്ങൾ കളിച്ചു. എന്റെ മത്സര ജീവിതം അവസാനിപ്പിക്കേണ്ട സമയം എപ്പോഴാണെന്ന് ഞാൻ തിരിച്ചറിയേണ്ടതായി വന്നിരിക്കുന്നു,” ഫെഡറര്‍ വ്യക്തമാക്കി.

“ടെന്നിസ് എന്ന കളിയോട്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഒരിക്കലും വിട്ടു പോകില്ല,” ഫെഡറര്‍ കുറിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിക്ക് ഫെഡററെ വേട്ടയാടുകയാണ്. 11 ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മത്സരിച്ചത്.

കഴിഞ്ഞ വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ ഹ്യൂബർട്ട് ഹർകാച്ചിനോട് തോറ്റതിന് ശേഷം അദ്ദേഹം ഒരു ടെന്നിസ് കോര്‍ട്ടിലെത്തിയിട്ടില്ല. ഹ്യൂബര്‍ട്ടിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ പരാജയം.

കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാമുകളാണ് ഫെഡറര്‍ നേടിയത്. സ്പെയിനിന്റെ റാഫേല്‍ നഡാല്‍ (22), സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (21) എന്നിവര്‍ മാത്രമാണ് ഫെഡററെ മറികടന്നിട്ടുള്ളത്.

1998 ല്‍ 16-ാം വയസിലായിരുന്നു ഫെഡറര്‍ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2003 ല്‍ നേടിയ വിംബിള്‍ഡണ്‍ കിരീടമായിരുന്നു ആദ്യത്തെ ഗ്രാന്‍ഡ് സ്ലാം. എട്ട് തവണ ഗ്രാന്‍ഡ് സ്ലാമില്‍ ഫെഡറര്‍ പിന്നീട് മുത്തമിട്ടു.

36-ാം വയസില്‍ നേടിയ ഓസ്ട്രേലിയന്‍ ഓപ്പണാണ് അവസാനത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം. പരിക്കില്‍ നിന്ന് മുക്തമായി എത്തിയ ഫെഡറര്‍ 2018 ലാണ് നേട്ടം സ്വന്തമാക്കിയത്.

2004 ല്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ഫെഡറര്‍ 310 ആഴ്ചകള്‍ സ്ഥാനത്ത് തുടര്‍ന്നു.

ജോക്കോവിച്ചിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം നമ്പറായി തുടര്‍ന്നതിന്റെ റെക്കോര്‍‍ഡ് ഫെഡററിന്റെ പേരിലാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Roger federer to retire from tenni 696869s