ടെന്നിസ് ലോകത്ത് ഫെഡറർ ഒരു അത്ഭുത പ്രതിഭാസമാണ്. ഇതിഹാസമെന്ന വാക്കുകൊണ്ട് അയാളെ അളക്കുക പ്രയാസം. മറ്റൊരർത്ഥത്തിൽ, അയാളൊരു വീര്യം കൂടിയ വീഞ്ഞാണ്. കാലം പഴകും തോറും വീര്യമേറുന്ന, കൂടുതൽ കരുത്തനാകുന്ന മറ്റൊരു കായിക താരം ടെന്നിസ് ലോകത്തെന്നല്ല, മറ്റൊരിടത്തും ഫെഡറർക്ക് എതിരാളിയാകാനില്ല.

ഫെഡററുടെ കായികരംഗത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇന്ത്യയുടെ അഹങ്കാരമായ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകത്ത് വരും തലമുറയ്ക്ക് തകർക്കാൻ സ്വന്തം റെക്കോഡുകളുടെ കോട്ടകെട്ടിയാണ് അദ്ദേഹം കളിക്കളത്തിൽ നിന്ന് പിൻവാങ്ങിയത്.

സച്ചിനും ക്രിക്കറ്റും ഫെഡററെ സ്വാധീനിച്ചിട്ടുണ്ടോ? സച്ചിനെയും ഫെഡററെയും കൂട്ടിയിണക്കിയതിൽ ക്രിക്കറ്റിനോട് ഫെഡറർ പുലർത്തിയ അടുപ്പത്തിന് വലിയ പങ്കുണ്ടെന്ന് വേണം കരുതാൻ. ടെന്നിസ് കഴിഞ്ഞാൽ ഫെഡറർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഫെഡറർ, ടെന്നിസ് കളം വിട്ടാൻ ക്രിക്കറ്റ് മൈതാനത്ത് ബാറ്റേന്തി എത്തുമോയെന്ന് ചിന്തിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോകളിലൊന്ന്.

ടെന്നിസ് പരിശീലനത്തിന്റെ ഇടവേളയിലാണ് ഇടംകൈയ്യൻ ബാറ്റ്സ്‌മാനെ പോലെ റാക്കറ്റ് ഉപയോഗിച്ച് ടെന്നിസ് ബോളിൽ ഫെഡറർ അടിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook