എട്ടാം കിരീടം ലക്ഷ്യമിട്ടുള്ള റോജർ ഫെഡററിന്റെ വിംബിൾഡൻ മുന്നേറ്റം ഫൈനലിലേക്കെത്തി. പതിനൊന്നാം സീഡ് ചെക് തോമസ് ബെർഡികിനെ നേരിട്ട മൂന്ന് സെറ്റുകളിലും പരാജയപ്പെടുത്തിയാണ് അദ്ദേഹം പതിനൊന്നാം വട്ടം വിംബിൾഡൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.

കടുത്ത മത്സരമായിരുന്നു സെമിയിൽ ബെർഡിക് കാഴ്ചവച്ചത്. 7-6(4), 7-6(4), 6-4 എന്നിങ്ങനെയാണ് പോയിന്റ് നില. 2010 ൽ നടന്ന വിംബിൾഡൻ പുരുഷ സിംഗിൾസ് സെമിയിൽ ബെർഡികും ഫെഡററും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബെർഡികിനായിരുന്നു വിജയം. ഇതോടെ 1974 ൽ 39ാം വയസിൽ വിംബിൾഡൻ ഫൈനലിൽ എത്തിയ കെൻ റോസ്വെല്ലിന് ശേഷം വിംബിൾഡൻ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ഖ്യാതിയും ഫെഡറർ കരസ്ഥമാക്കി.

ഇതോടെ 28ാമത്തെ ഗ്രാന്റ് സ്ലാം ഫൈനലെന്ന നേട്ടമാണ് ഫെഡറർ നേടിയിരിക്കുന്നത്. ഇതിൽ 18 തവണയും വിജയം കണ്ട ഫെഡറർ, ഏഴ് തവണയും നേടിയത് വിംബിൾഡൻ കിരീടം തന്നെ. ആദ്യ രണ്ട് സെറ്റുകളിലും ശക്തമായ മത്സരമാണ് ബെർഡിക് കാഴ്ചവച്ചത്. ഇതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. എന്നാൽ വേഗതയേറിയ സർവുകളിലൂടെ ഫെഡറർ വിജയം തന്റേതാക്കി. മൂന്നാം സെറ്റിൽ 3-3 എന്ന നിലയിൽ നിന്നാണ് ബെർഡിക് 6-4 ന് സെറ്റ് കൈവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ