ടെന്നിസ് പ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന നിമിഷങ്ങൾക്കാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. ടെന്നിസിലെ ഇതിഹാസ താരങ്ങൾ പരസ്പരം പുണരുന്ന ചിത്രങ്ങൾ ആവേശത്തോടെയാണ് കണ്ടത്. ലാവർ കപ്പ് എന്ന മത്സരത്തിലാണ് ടെന്നിസ് മാന്ത്രികൻമാരായ റോജർ ഫെഡററും, റാഫേൽ നദാലും ഒന്നിച്ചത്. ലോകത്തിലെ മികച്ച താരങ്ങളുടെ സംഘവും, യൂറോപ്പിലെ മികച്ച താരങ്ങളുടെ ടീമും തമ്മിലായിരുന്നു മത്സരം. റോജർ ഫെഡററും റാഫേൽ നദാലും നയിച്ച യൂറോപ്പ് ടീമിനാണ് കിരീടം.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ ലോക ടീമിന്റെ നിക്ക് കിറിഗോസിനെ തോൽപ്പിച്ചാണ് റോജർ ഫെഡറർ യൂറോപ്പ് ടീമിന് കിരീടം സമ്മാനിച്ചത്. വാശിയേറിയ മത്സരത്തിൽ 7-5, 7-6 എന്ന സ്കോറിനാണ് ഫെഡററുടെ വിജയം.
നേരത്തെ നടന്ന ഡബിൾസ് പോരാട്ടത്തിൽ റോജർ ഫെഡറർ, റാഫേൽ നദാൽ സഖ്യം വിജയം കൊയ്തിരുന്നു. ജാക്ക് സോക്ക് – സാം ക്വയറി സഖ്യത്തെയാണ് ഫെഡറർ-നദാൽ സഖ്യം പരാജയപ്പെടുത്തിയത്. ടെന്നിസ് പ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന ഒരു മത്സരമാണ് ഇരുവരും കാഴ്ചവെച്ചത്.