ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്. ചിരവൈരിയായ റാഫേൽ നദാലിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ കിരീടം ഉയർത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെഡ് എക്സ്പ്രസ് നഡാലിനെ വീഴ്ത്തിയത് . സ്കോർ 6-4,6-3

ഇതിഹാസ താരങ്ങൾ തമ്മിലുള്ള പോരാട്ടം കാണാൻ വൻ ആരാധക വൃന്ദമാണ് എത്തിയത്. ആദ്യ സെറ്റിൽ പതിവ് ശൗര്യത്തിൽ കൊണ്ടും കൊടുത്തും ഇരു താരങ്ങളും മുന്നേറിയതോടെ കാണികൾ ത്രില്ലടിച്ചു. ആദ്യ 2 ഗെയിമുകളും നേടി തുടക്കത്തിലെ ലീഡ് നേടിയ ഫെഡറർ 6-4 എന്ന സ്കോറിന് ആദ്യ സെറ്റ് കൈപ്പിടിയിൽ ഒതുക്കി.

രണ്ടാം സെറ്റിൽ വർധിത വീര്യത്തോടെ കളിച്ച ഫെഡറർ നദാലിനെ നിക്ഷ്പ്രഭമാക്കി. മികച്ച സർവ്വുകളും ഫോർഹാൻഡ് ഷോട്ടുകളുമായി കളം നിറഞ്ഞ ഫെഡറർ രണ്ടാം സെറ്റ് 6-3 എന്ന സ്കോറിന് സ്വന്തമാക്കിയത്.

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ട്രോഫി രണ്ടാം തവണയാണ് താരം സ്വന്തമാക്കുന്നത്. ലോക ടെന്നീസിലെ ഒന്നും രണ്ടും സ്ഥാനത്തിരിക്കുന്ന താരങ്ങള്‍ തമ്മിലുള്ള 38ാം പോരാട്ടത്തിനാണ് കോര്‍ട്ട് സാക്ഷിയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ