ബംഗളൂരു: മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി താരത്തിന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകി. ഇതോടെയാണ് ഉത്തപ്പയുടെ കേരള രഞ്ജി ടീം പ്രവേശനം ഉറപ്പായത്.

ഇന്ത്യയുടെ അണ്ടർ 19 ടീമിലും പ്രഥമ ട്വന്‍റി-20 ലോകകപ്പ് നേടിയ ടീമിലും കളിച്ചിട്ടുള്ള ഉത്തപ്പ കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് കർണാടകം വിട്ടത്. 17-ാം വയസിൽ കർണാടകയ്ക്ക് വേണ്ടി അരങ്ങേറിയ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഉത്തപ്പ ടീം വിടാതിരിക്കാൻ നിരവധി ചർച്ചകൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾക്കായി ടീം മാറാൻ അവസരം നൽകണമെന്ന ആവശ്യത്തിൽ 31കാരൻ താരം ഉറച്ചു നിൽക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ മാത്രമാണ് കർണാടകയുടെ അന്തിമ ഇലവനിൽ ഉത്തപ്പയ്ക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞത്. എന്നാൽ പിന്നാലെ വന്ന ഐപിഎല്ലിൽ മിന്നുന്ന ഫോമിലായിരുന്ന ഉത്തപ്പ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. 2014/15 സീസണിൽ കർണാടക രഞ്ജി ചാന്പ്യൻമാരായതും ഉത്തപ്പയുടെ ചിറകിലേറിയായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

കരുണ്‍ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടകത്തിനായി കടന്നു വന്നതോടെയാണ് ഉത്തപ്പയ്ക്ക് അവസരം കുറഞ്ഞത്. 1996-ൽ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറാണ് വരുന്ന സീസണിൽ കേരള രഞ്ജി ടീമിന്‍റെ പരിശീലകനാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മികവുള്ള താരങ്ങളെ ടീമിലെത്തിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സീസണിലും ശ്രമം നടത്തിയിരുന്നു. ജലജ് സക്സേന, ഇക്ബാൽ അബ്ദുള്ള തുടങ്ങിയ താരങ്ങൾ കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ വരവ്. സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ തുടങ്ങി കേരള താരങ്ങൾക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ