ഇന്ത്യൻ സൂപ്പർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി പുതിയൊരു താരത്തെ ക്ലബ്ബിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രാജസ്ഥാൻ ടീമിനൊപ്പം നിലനിർത്തിയ ഉത്തപ്പയ്ക്ക് പ്രതിഫലമായി പണം മാത്രം നൽകിയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ ഷെയ്ൻ വാട്സന്റെ പകരക്കാരനായിട്ടായിരിക്കും ചെന്നൈയുടെ പ്ലേയിങ് ഇലവനിൽ ഉത്തപ്പയെത്തുക.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് ഏറെ പഴി കേൾക്കേണ്ടി വന്ന ഡിപ്പാർട്മെന്റാണ് ബാറ്റിങ്. അതുകൊണ്ട് തന്നെ ഇത്തവണ അതിന് പരിഹാരം കണ്ടെത്തി ശക്തമായി തിരിച്ചു വരേണ്ടതുണ്ട്. ഷെയ്ൻ വാട്സണും മുരളി വിജയിയും പോയതോടെ ബാറ്റിങ് ലൈൻ അപ്പിൽ റോബിൻ ഉത്തപ്പയെത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ

ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, റുഥുരാജ് ഗയ്ക്വാദ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്ന ഓപ്പണർമാർ. അത്യാവശ്യ ഘട്ടങ്ങളിൽ സാം കറണും ഓപ്പണറുടെ റോളിൽ എത്താറുണ്ട്. റായിഡു മൂന്നാം നമ്പരിൽ തിളങ്ങുന്ന താരമാണ്. മധ്യനിരയിൽ റൺറേറ്റ് ഉയർത്താൻ സാധിക്കുന്ന റുഥുരാജും മാറി നിന്നാൽ ഓപ്പണറായി ഉത്തപ്പയെ തന്നെ പ്രതീക്ഷിക്കാം.

ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ ടൂർണമെന്റിന്റെ ഭാഗമാണ് ഉത്തപ്പ. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച ശേഷമാണ് ഉത്തപ്പ കഴിഞ്ഞ സീസണിൽ മൂന്ന് കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തുന്നത്. 189 മത്സരങ്ങളിൽ നിന്ന് 4607 റൺസാണ് ഇതുവരെയുള്ള താരത്തിന്റെ സമ്പാദ്യം. ഇതിൽ 24 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2014 സീസണിൽ 660 റൺസുമായി കൊൽക്കത്തയ്ക്ക് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു. അതേ സീസണിൽ റൺവേട്ടക്കാരിലും ഒന്നാമത്.

Also Read: IPL 2021: കൂടുതൽ തുക ബാക്കിയുള്ളത് പഞ്ചാബിന്, ഒഴിവുകൾ ബാംഗ്ലൂരിൽ; താരലേലത്തിന് ഒരുങ്ങി ഫ്രാഞ്ചൈസികൾ

കഴിഞ്ഞ ഐപിഎല്ലിൽ കാര്യമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ രാജസ്ഥാൻ സ്കോർബോർഡിൽ സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലാണ് താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കെതിരെ സെഞ്ചുറിക്ക് 9 റൺസകലെയാണ് താരം പുറത്തായത്. എട്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. കേരളത്തിന് വിജയമുറപ്പിച്ച ശേഷമാണ് താരം കൂടാരം കയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook