ലോകകപ്പിനുളള ഇന്ത്യൻ ടീമിൽ ഇടം നേടിയ ദിനേശ് കാർത്തിക്കിനെ അഭിനന്ദിച്ച് റോബിൻ ഉത്തപ്പ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ കാർത്തിക്കിന് സഹതാരം കൂടിയായ ഉത്തപ്പ ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
”യോഗ്യതയുടെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ യോഗ്യനായ കളിക്കാരൻ ദിനേശ് കാർത്തിക്കാണ്. കാർത്തിക്കിന് നീതി ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ടീമിലെ മികച്ച ഫിനിഷറാണ് കാർത്തിക്,” ഉത്തപ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2019 ലോകകപ്പിനുളള ഇന്ത്യയുടെ 15 അംഗ ടീമിൽ യുവതാരം റിഷഭ് പന്തിനെ ഒഴിവാക്കിയാണ് കാർത്തിക്കിനെ ടീമിലെടുത്തത്. ധോണിക്ക് പരുക്കേൽക്കുന്ന പക്ഷം പകരക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി മികച്ച ഫോമിലാണ് ദിനേശ് കാർത്തിക്. 2017 മുതൽ 20 മാച്ചുകളിൽനിന്നായി 425 റൺസാണ് കാർത്തിക്കിന്റെ സമ്പാദ്യം.
Read: പന്തില്ലാത്ത ലോകകപ്പിനുള്ള ഇന്ത്യൻ ടീം; പ്രതിഷേധവുമായി ആരാധകർ
സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിച്ച് കളിക്കാൻ കഴിയുമെന്ന് ദിനേശ് കാർത്തിക് തെളിയിച്ചിട്ടുണ്ടെന്നാണ് മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് കാർത്തിക്കിനെ ടീമിലെടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് പറഞ്ഞത്. ”ധോണിക്ക് പരുക്ക് പറ്റിയാൽ പകരം റിഷഭ് പന്തിനെയോ അതോ ദിനേശ് കാർത്തിക്കിനെയാണോ പകരക്കാരനായി തിരഞ്ഞെടുക്കേണ്ടതെന്ന് ചർച്ചയുണ്ടായി. ലോകകപ്പ് പോലൊരു മത്സരത്തിൽ സമ്മർദ്ദത്തെ അതിജീവിക്കുന്ന കളിക്കാരനെയാണ് വേണ്ടത്. അതിനാലാണ് ദിനേശ് കാർത്തിക്കിനെ ടീമിലെടുത്തത്,” പ്രസാദ് പറഞ്ഞു.