ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന മറ്റ് ടി20 ലീഗുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി റോബിൻ ഉത്തപ്പ. നേരത്തെ ഇർഫാൻ പഠാനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ സുരേഷ് റെയ്നയും ബിസിസിഐയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് റോബിൻ ഉത്തപ്പയും രംഗത്തെത്തിയിരിക്കുന്നത്.

ബിസിസിഐയുമായി കരാറുള്ള ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ നിലവിൽ അനുവാദമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന് പുറമെ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗും വെസ്റ്റ് ഇൻഡീസിന്റെ കരീബിയൻ പ്രീമിയർ ലീഗും, ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റും ന്യൂസിലൻഡിന്റെ സൂപ്പർ സ്മാഷും ബംഗ്ലാദേശ് പ്രീമിയർ ലീഗുമാണ് മറ്റ് പ്രധാനപ്പെട്ട ലീഗുകൾ.

Also Read: ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല: ബിസിസിഐ

എന്നാൽ ഈ ലീഗുകളിലൊന്നും കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അനുമതിയില്ല. ഐപിഎല്ലിൽ നിന്നും വിരമിക്കുന്ന താരങ്ങൾക്ക് നിലവിൽ കാനഡയിലെ ജിടി20 ലീഗിലും ആബുദാബി ടി10 ലീഗിലും മാത്രമാണ് നിലവിൽ കളിക്കാൻ സാധിക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ താരമായിരുന്ന റോബിൻ ഉത്തപ്പ ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. മൂന്ന് കോടി രൂപയ്ക്കാണ് പാതി മലയാളി കൂടിയായ ഈ കർണാടക താരത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത്.

Also Read: സാനിറ്റൈസര്‍ അകത്ത്, കാണികള്‍ പുറത്ത്; കേരളത്തിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ ഉണരുന്നു

“ഞങ്ങളെ പോകാൻ അനുവദിക്കണം, അവിടെ പോയോക്കെ കളിക്കാൻ സാധിക്കാത്തത് ശരിക്കും വിഷമമുണ്ടാക്കുന്നുണ്ട്. ഒരു ക്രിക്കറ്റ് വിദ്യാർഥി എന്ന നിലയ്ക്ക് കൂടുതൽ പഠിക്കാനും വളരാനും ഒന്നിലധികം ലീഗുകൾ കളിക്കുന്നത് സഹായകമാകും,” റോബിൻ ഉത്തപ്പ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വളരെ പുരോഗമനപരമായ ചിന്തിക്കുന്ന ആളാണെന്നും ഇന്ത്യൻ ക്രിക്കറ്റിനെ എപ്പോഴും അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്ന ആളാണെന്നും പറഞ്ഞ റോബിൻ ഉത്തപ്പ ഗാംഗുലിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook