റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിലെ വിജയം ഇന്ത്യയുടെ ബോളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. കിവി ബാറ്റര്‍മാര്‍ പവര്‍പ്ലെയില്‍ തകര്‍ത്തടിച്ചപ്പോള്‍ സ്കോര്‍ 180 കടക്കുമെന്ന് തോന്നിച്ചിരുന്നു. പക്ഷെ ബോളര്‍മാരുടെ മികവില്‍ ന്യൂസിലന്‍ഡിനെ 153 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. ഹര്‍ഷല്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമായിരുന്നു നിര്‍ണായകമായത്.
തന്റെ ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും കളിയിലെ താരമാവുകയും ചെയ്ത ഹര്‍ഷല്‍ പട്ടേലിനെ പുകഴ്ത്തിയിരിക്കുകയാണ് റോബിന്‍ ഉത്തപ്പ. തന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത് സിക്സറും രണ്ടാം പന്ത് നോബോളുമായിട്ടും ഹര്‍ഷല്‍ സമ്മര്‍ദം അതിജീവിച്ച് ഗ്ലെന്‍ ഫിലിപ്സിന്റെ വിക്കറ്റെടുത്തു. അവസാന ഓവറില്‍ വിട്ടു നല്‍കിയതാവട്ടെ ആറ് റണ്‍സും.
“ഡെത്ത് ഓവറുകളിലെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് ബുംറയ്ക്കൊപ്പം ഇന്ത്യന്‍ നിരയില്‍ തിളങ്ങാനാകും. തന്റെ മികവ് എങ്ങനെ ഏത് സമയത്ത് പുറത്തെടുക്കണമെന്ന് ഹര്‍ഷലിന് അറിയാം,” ഉത്തപ്പ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു. ഹര്‍ഷലിന്റെ മൂന്നാം ഓവറിന്റെ കാര്യം എടുത്ത് പറഞ്ഞായിരുന്നു ഉത്തപ്പയുടെ വാക്കുകള്‍.
രണ്ടാം ട്വന്റിയില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിന്റേയും രോഹിത് ശര്‍മയുടേയും അര്‍ധ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഒരു മത്സരം അവശേഷിക്കെ 2-0 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാനം മത്സരം നാളെ കൊല്‍ക്കത്തയില്‍ വച്ചാണ്.