ക്രിക്കറ്റ് കളിയിൽ പന്തിൽ തുപ്പൽ പുരട്ടി മിനുസപ്പെടുത്തുന്ന രീതി സ്വാഭാവികമാണ്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതി. അനിശ്ചിത കാലത്തേക്ക് പന്തിൽ തുപ്പൽ പുരട്ടുന്നതിൽ നിന്ന് ഐസിസി ക്രിക്കറ്റ് താരങ്ങളെ വിലക്കിയിട്ടുണ്ട്. എന്നാൽ, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ ക്രിക്കറ്റ് താരങ്ങൾ ആവർത്തിക്കുന്നു. പലരും കോവിഡ് മഹാമാരിയെ കുറിച്ച് മറക്കുന്നു. അങ്ങനെയൊരു കാഴ്‌ചയാണ് ഇപ്പോൾ ഐപിഎൽ വേദികളിൽ കാണുന്നത്.

Read Also: അസ്ത്രം പോലെ ആർച്ചർ; മണിക്കൂറിൽ 152 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് രാജസ്ഥാൻ താരം

പന്തിൽ തുപ്പൽ പുരട്ടി വിവാദത്തിലായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് മത്സരത്തിനിടെയാണ് സംഭവം. കൊൽക്കത്ത താരം സുനിൽ നരെയ്‌നിന്റെ ക്യാച്ച് പാഴാക്കിയ ശേഷമാണ് റോബിൻ ഉത്തപ്പ പന്തിൽ തുപ്പൽ പുരട്ടി മിനുസപ്പെടുത്തിയത്.

ഐസിസി ചട്ടപ്രകാരം കോവിഡ് മാനദണ്ഡം ലംഘിച്ച് പന്തിൽ തുപ്പൽ പുരട്ടിയാൽ ശിക്ഷ വിധിക്കാൻ അംപയർക്ക് അധികാരമുണ്ട്. ഏതെങ്കിലും താരം തുപ്പൽ പ്രയോഗം നടത്തിയാൽ ആ ടീമിനു തന്നെ താക്കീത് നൽകാൻ അംപയർക്ക് അധികാരമുണ്ടെന്നാണ് ഐസിസി ചട്ടത്തിൽ പറയുന്നത്. തുപ്പൽ പ്രയോഗത്തിനു ഒരു ടീമിനു രണ്ട് തവണ താക്കീത് നൽകാം. അതിനുശേഷവും ആ ടീമിലെ ഒരു താരം തുപ്പൽ പ്രയോഗം ആവർത്തിച്ചാൽ അഞ്ച് റൺസ് പിഴയിടും. അതായത് ബാറ്റിങ് ടീമിനു അഞ്ച് റൺസ് വെറുതെ ലഭിക്കും. അതുകൊണ്ട് ഫീൽഡ് ചെയ്യുന്ന ടീം കോവിഡ് പ്രോട്ടോകോളിനെ കുറിച്ച് എപ്പോഴും ജാഗരൂഗരായിരിക്കണം.

നേരത്തെ ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയും കളിക്കിടെ പന്തിൽ തുപ്പൽ പുരട്ടിയത് വിവാദമായിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് തുപ്പൽ പുരട്ടൽ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook