റോഡ് സേഫ്‌റ്റി വേൾഡ് സിരീസിൽ ഇന്ത്യ ലെജൻഡ്‌സും ഇംഗ്ലണ്ട് ലെജൻഡ്‌സും തമ്മിലുള്ള പോരാട്ടം പുരോഗമിക്കുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 188 റൺസ് നേടി.

നായകനും ഓപ്പണർ ബാറ്റ്‌സ്‌മാനുമായ കെവിൻ പീറ്റേഴ്‌സൺ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്നാണ് പീറ്റേഴ്‌സൺ 75 റൺസ് നേടിയത്. അഞ്ച് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പീറ്റേഴ്‌സണിന്റെ ഇന്നിങ്സ്. ഡാരൻ മാഡി 29 റൺസ് നേടി. ഇന്ത്യ ലെജൻഡ്‌സിനായി യൂസഫ് പത്താൻ മൂന്നും മുനാഫ് പട്ടേൽ, ഇർഫാൻ പത്താൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.

പീറ്റേഴ്‌സണിന്റെ വിക്കറ്റ് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം പിടിക്കുന്നതാണ്. ഇർഫാൻ പത്താന്റെ ബോളിൽ കീപ്പർ നമാൻ ഓജ ക്യാച്ചെടുക്കുകയായിരുന്നു. പീറ്റേഴ്‌സണിന്റെ ബാറ്റിൽ പന്ത് കൊണ്ടിട്ടുണ്ടോ എന്ന സംശയം അംപയർ അടക്കം പലർക്കും ഉണ്ടായിരുന്നു. എന്നാൽ, ഓജ പന്ത് കൈപിടിയിലൊതുക്കി എന്ന് വ്യക്തമായതോടെ പീറ്റേഴ്‌സൺ മടങ്ങി. അംപയറുടെ കോളിന് പോലും പീറ്റേഴ്‌സൺ കാത്തുനിന്നില്ല. മാത്രമല്ല, കീപ്പർ ക്യാച്ചെടുത്തതിനു പിന്നാലെ അത് ഔട്ട് തന്നെയാണെന്ന് തംസപ്പ് കാണിച്ചാണ് പീറ്റേഴ്‌സൺ മടങ്ങിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ പതറുകയാണ്. ആറ് ഓവറിൽ 34 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. വിരേന്ദർ സെവാഗ് (ആറ്), സച്ചിൻ ടെൻഡുൽക്കർ (ഒൻപത്), മൊഹമ്മദ് കൈഫ്‌ (ഒന്ന്), എസ്.ബദ്രിനാഥ് (എട്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook