ന്യൂഡൽഹി: ബാഡ്‌മിന്റൺ കോർട്ടിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ പിവി സിന്ധുവിനെയും സൈന നേഹ്‌വാളിനെയും കോച്ച് ഗോപീചന്ദ് വ്യത്യസ്ത അക്കാദമികളിലാക്കി. ഇരുവരുടെയും കോച്ചായ ഗോപീചന്ദിന്റെ രണ്ട് അക്കാദമികളിലാണ്  ഇരുതാരങ്ങളും പരിശീലിക്കുക.

കളിക്കളത്തിൽ ഇരുതാരങ്ങളും പയറ്റുന്ന തന്ത്രങ്ങൾ എതിരാളി അറിയാതിരിക്കാനാണ് രണ്ട് പേരുടെയും പരിശീലനം രണ്ട് അക്കാദമികളിലാക്കിയത്. കോമ്മൺവെൽത്ത് ഗെയിംസിൽ വനിതകളുടെ സിംഗിൾസ് മത്സരത്തിൽ സ്വർണ്ണ പോരാട്ടത്തിൽ ഇരുവരും തമ്മിൽ കൊമ്പുകോർത്തതിന് പിന്നാലെയാണ് തീരുമാനം.

പുതിയ അക്കാദമിയിലായിരുന്നു നേരത്തെ ഇരുതാരങ്ങളുടെയും പരിശീലനം. എന്നാൽ കോമ്മൺവെൽത്ത് ഗെയിംസിലെ പരാജയത്തിന് പിന്നാലെ ഇവിടെ പരിശീലനം തുടരുന്നതിൽ സിന്ധുവിനാണ് ആദ്യം എതിർപ്പ് തോന്നിയത്.  പഴയ അക്കാദമിയിലേക്ക് മാറാനുളള തീരുമാനം സിന്ധു തന്നെയാണ് എടുത്തതെന്ന് അച്ഛൻ പിവി രമണ പിടിഐയോട് പറഞ്ഞു.

അതേസമയം ഇരുതാരങ്ങളും തമ്മിൽ ഹായ് -ബായ് സൗഹൃദം മാത്രമാണുളളത്. താരങ്ങൾ തമ്മിലുളള പോരാട്ട വീര്യം കുറയാതിരിക്കാൻ കോച്ച് ഗോപിചന്ദ് മുൻകൈയെടുത്ത് ഇവരുടെ സൗഹൃദം വളർത്താനും ശ്രമിക്കുന്നില്ല. ഇതാണ് ഇന്ത്യയുടെ അഭിമാന താരങ്ങൾ കോർട്ടിൽ പരസ്പരം പോരടിക്കുമ്പോൾ ഏറ്റവും മികച്ച ഫലം ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ.

ഗോപിചന്ദിന്റെ ഇരു അക്കാദമികളും തമ്മിൽ ഏതാണ്ട് അര കിലോമീറ്റർ അകലമാണ് ഉളളത്. രാവിലെ 7 മുതൽ 8.30 വരെയാണ് സിന്ധുവിന് പരിശീലനം. പിന്നീട് രണ്ട് ഇന്തോനേഷ്യൻ അസിസ്റ്റന്റ് കോച്ചുമാരും പിന്നെ ജൂനിയർ താരങ്ങളുമാണ് സിന്ധുവിനൊപ്പം പരിശീലന കളികൾ കളിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook