ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടമാണ്. മുംബൈ ഇന്ത്യൻസും റൈസിങ് പുണെ സൂപ്പർജയ്ന്റ്സും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ കപ്പ് ആര് സ്വന്തമാക്കും എന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകർ. മൽസരത്തിനു മുൻപായി പുണെയുടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നു.

”കഴിഞ്ഞ നാലു മാസമായി ഞാൻ ഇന്ത്യയിലുണ്ട്. ഇത് വിശ്വസിക്കാൻ പ്രയാസമാണ്. ഇതിനിടയിൽ ചില താഴ്ചകളും ഉയർച്ചകളും ഉണ്ടായി. ടെസ്റ്റ് മൽസരങ്ങൾ പ്രയാസമായിരുന്നു. പക്ഷേ അതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ചില അദ്ഭുതകരമായ വ്യക്തികളെ കണ്ടുമുട്ടി. ചില പുതിയ സുഹൃത്തുക്കളെയും കിട്ടി.

ഐപിഎല്ലും പുണെയ്ക്കൊപ്പം കളിക്കാനായതും മികച്ച അനുഭവമാണ്. ഇന്ന് ഇന്ത്യയിലെ എന്റെ അവസാനത്തെ രാത്രിയാണ്. ഈ യാത്രയ്ക്കിടയിൽ മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയതിന് ഇന്ത്യയിലെ ഓരോരുത്തരോടും നന്ദി പറയുന്നു”.

എം.എസ്.ധോണിക്കു പകരമായാണ് സ്മിത്തിനെ പുണെയുടെ ക്യാപ്റ്റനാക്കി നിയമിച്ചത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്ന പുണെ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യതയും നേടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മൽസരങ്ങൾക്കായി സ്മിത്ത് ഇന്ത്യയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ