മുംബൈ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. ലിഗമെന്റ് ഇൻജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണിൽനിന്നും ആകാശമാർഗം മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റിയത്.
പന്തിന്റെ നിലവിലെ പരുക്കുകൾ കണക്കിലെടുക്കുമ്പോൾ നാലു മാസമെങ്കിലും പൂർണ വിശ്രമം വേണ്ടിവരും. കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ പന്ത് 6 മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. അങ്ങനെയെങ്കിൽ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ വൈറ്റ്-ബോൾ പരമ്പര,, ഓസ്ട്രേലിയയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര, ഐപിഎൽ എന്നിവ പന്തിന് നഷ്ടമാകും.
കഴിഞ്ഞ വർഷം ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കാൽമുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോർഡിന്റെ മെഡിക്കൽ വിദഗ്ധരുമായി ബന്ധപ്പെട്ട ബിസിസിഐ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
”ഓരോ കളിക്കാരന്റെയും ശരീരം വ്യത്യസ്തമാണ്, എന്നാൽ അദ്ദേഹത്തിന്റെ (പന്ത്) റിപ്പോർട്ട് നോക്കുമ്പോൾ, ലിഗമെന്റിലെ പരുക്ക് ജഡേജ അനുഭവിച്ചതുപോലെയാണെന്ന് ഡോക്ടർമാർ പറയുന്നു. ഡെറാഡൂണിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, പന്തിന് എത്രയും വേഗം ശസ്ത്രക്രിയ വേണ്ടിവരും. അവൻ സുഖം പ്രാപിക്കാൻ നാല് മാസത്തിലധികം എടുക്കുമെന്ന് തോന്നുന്നു,” ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബർ 30-ാം തീയതി പുലർച്ചെയാണ് ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ച് പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. താരത്തിന്റെ തലയ്ക്കും വലതു കണങ്കാലിന്റെ ലിഗമെന്റിനുമാണ് പരുക്കേറ്റത്.