ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനം യുവതാരം റിഷഭ് പന്തിന് നല്ല ദിനമായിരുന്നില്ല. ധോണിക്ക് പകരം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ പന്ത് പല തവണയാണ് വിക്കറ്റ് വീഴ്‌ത്താനുളള അവസരം നഷ്ടപ്പെടുത്തിയത്. ഒരു തവണ സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുക്കാൻ നോക്കിയെങ്കിലും പന്തിന് തെറ്റി. 44-ാം ഓവറിലായിരുന്നു പന്ത് ധോണിയെപ്പോലെ സ്റ്റംപിങ്ങിൽ മാജിക് കാട്ടാൻ ശ്രമിച്ചത്.

യുസ്‌വേന്ദ്ര ചാഹലിന്റെ ബോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ അലക്സ് കാരി ക്രീസിൽനിന്നും ഇറങ്ങി നേരിട്ടെങ്കിലും മിസ് ആയി. ഇതിനിടയിൽ സ്റ്റംപിങ് നടത്താനുളള മികച്ച അവസരം പന്ത് നഷ്ടപ്പെടുത്തി. പന്ത് നല്ലൊരു അവസരം നഷ്ടപ്പെടുത്തിയത് നായകൻ വിരാട് കോഹ്‌ലിക്ക് അമർഷമുണ്ടാക്കി. ഫീൽഡിൽനിന്ന കോഹ്‌ലി തന്റെ അമർഷം കാണിക്കുകയും ചെയ്തു.

നാലാം ഏകദിനത്തിൽ ഓസ്ട്രേലിയയാണ് ജയിച്ചത്. ഇന്ത്യ ഉയർത്തിയ 359 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 47.5 ഓവറിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഹാൻഡ്‌സ്കോംബിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ടേർണറുടെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

Read: ‘ടേർണിങ് പോയിന്റിൽ ടേർണർ’; ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ നൽകിയത്. കൂട്ടുകെട്ടിൽ പുത്തൻ ചരിത്രം കുറിച്ച് മുന്നേറിയ രോഹിത്തും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 193 റൺസായിരുന്നു. 95 റൺസുമായി രോഹിത് മടങ്ങിയെങ്കിലും ധവാൻ ശതകം തികച്ചു. 115 പന്തിൽ 18 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 143 റൺസാണ് ധവാൻ അടിച്ചെടുത്തത്. അവസാന ഓവറുകളിൽ പന്തും വിജയ് ശങ്കറും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോർ കണ്ടെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook