scorecardresearch

Latest News

കപിൽ ദേവിന്റെ റെക്കോഡ് തകർത്ത് റിഷഭ് പന്ത്; ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യൻ താരം

1982-ലെ കപിൽ ദേവിന്റെ റെക്കോർഡാണ് പന്ത് തകർത്തത്

ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ, വെറും 28 പന്തിൽ നിന്ന് 50 റൺസ് നേടി റിഷഭ് പന്ത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 സ്കോർ ചെയ്യുന്ന ഇന്ത്യൻ താരമായി പന്ത് മാറി. 1982-ലെ കപിൽ ദേവിന്റെ റെക്കോർഡാണ് പന്ത് തകർത്തത്. കറാച്ചിയിൽ പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ 30 പന്തിൽ നിന്നാണ് കപിൽദേവ് 50 റൺസ് നേടിയത്.

പിങ്ക് പന്തിൽ ശ്രീലങ്കൻ ബൗളർമാർ ആധിപത്യം പുലർത്തിയപ്പോൾ കളിയുടെ ഒരു ഘട്ടത്തിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടിച്ചാണ് പന്ത് അർദ്ധ സെഞ്ചുറിയിലേക്കെത്തിയത്. ഫിഫ്റ്റി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ പന്ത് പുറത്താവുകയും ചെയ്തു.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും പന്തിന് പറ്റി. 2005ൽ ബെംഗളൂരുവിൽ ഇന്ത്യയ്‌ക്കെതിരെ 26 പന്തിൽ അർധ സെഞ്ചുറി നേടിയ ഷാഹിദ് അഫ്രീദിയും 1981ൽ ഇന്ത്യയ്‌ക്കെതിരെ 28 പന്തിൽ 50 റൺസെടുത്ത ഇയാൻ ബോത്തമും മാത്രമാണ് പന്തിന് മുന്നിലുള്ളത്.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച ശ്രീലങ്കയെ 109 റൺസിന് പുറത്താക്കിയ ശേഷം ഡിന്നർ ഇടവേളയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എന്ന നിലയിലാണ്. ഇടവേളയ്ക്ക് പിരിയുമ്പോൾ 18 റൺസുമായി ശ്രേയസ് അയ്യരും 10 റൺസുമായി രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുകയായിരുന്നു.

പന്ത് 31 പന്തിൽ 50 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ 46 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രവീൺ ജയവിക്രമയാണ് 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു.

ആദ്യ മത്സരത്തിൽ ഇന്നിംഗ്‌സിനും 222 റൺസിനും ജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rishabh pant surpasses kapil dev to score the fastest 50 by an indian in test cricket