പന്തിന്റേത് വിവേകശൂന്യത; ഇന്ത്യയ്ക്കായി കളിക്കാൻ സഞ്ജു മികച്ച അർപ്പണബോധം പ്രകടിപ്പിക്കുന്നെന്ന് പീറ്റേഴ്സൺ

സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്ന് പീറ്റേഴ്‌സൺ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ പ്രതീക്ഷകളോടെ കാണുന്ന താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ പട്ടികയിൽ പന്തിന് ലഭിക്കുന്ന പരിഗണന വളരെ വലുതാണ്. എന്നാൽ, പ്രായത്തിന്റേതായ ചില കുട്ടികളികൾ പന്തിനുണ്ടെന്നാണ് പൊതുവെയുള്ള വിമർശനം. പന്ത് പക്വത കാണിക്കുന്നില്ലെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ഇന്നലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിലും റിഷഭ് പന്ത് ചൂടേറിയ ചർച്ചയുടെ കാരണമായി. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടിയാണ് പന്ത് കളിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസാണ് ഇന്നലെ ആദ്യം ബാറ്റ് ചെയ്‌തത്. വെറും അഞ്ച് റൺസ് മാത്രമാണ് പന്ത് ഇന്നലെ ഡൽഹിക്ക് വേണ്ടി നേടിയത്. റൺഔട്ട് ആകുകയായിരുന്നു താരം. ഈ റൺഔട്ടിന്റെ പ്രധാന ഉത്തരവാദി പന്ത് തന്നെയാണെന്നാണ് സ്‌റ്റാർ സ്‌പോർട്‌സ് കമന്ററി ബോക്‌സിലുള്ള കെവിൻ പീറ്റേഴ്‌സൺ പറയുന്നത്. എന്നാൽ, മുൻ ഇന്ത്യൻ താരവും കമന്ററി ബോക്‌സിലെ മറ്റൊരു അംഗവുമായ മുരളി കാർത്തിക് പന്തിനെ നിരുപാധികം പിന്തുണച്ചു. അതേസമയം ഇന്ത്യയ്ക്കായി കളിക്കാൻ സഞ്ജു മികച്ച അർപ്പണബോധം പ്രകടിപ്പിക്കുന്നെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.

Read Also: സിഎസ്‌കെ ബാറ്റ്‌സ്‌മാൻമാർ വിചാരിക്കുന്നത് ഇതൊരു സർക്കാർ ജോലിയാണെന്നാണ്; രൂക്ഷ പരിഹാസവുമായി സെവാഗ്

രാഹുൽ തെവാതിയ ആയിരുന്നു രാജസ്ഥാനുവേണ്ടി പത്താം ഓവർ എറിഞ്ഞത്. പത്താം ഓവറിലെ രണ്ടാം പന്തിൽ സ്റ്റോയ്‌നിസ് ആയിരുന്നു സ്‌ട്രെെക്കർ. ലെഗ് സെെഡിലേക്ക് അടിച്ച പന്തിൽ സ്റ്റോയ്‌നിസ് സിംഗിൾ എടുക്കാൻ ശ്രമിച്ചു. എന്നാൽ, പന്ത് കൃത്യമായി ഫീൽഡറുടെ കെെയിൽ എത്തിയത് കണ്ട സ്റ്റോയ്‌നസ് സിംഗിൾ വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. ഇതിനോടകം നോൺ സ്‌ട്രെെക് എൻഡിൽ ഉണ്ടായിരുന്ന പന്ത് സിംഗിളിനായി ഓടി പിച്ചിന്റെ മധ്യഭാഗത്ത് എത്തി. തെവാതിയ പന്തിനെ റൺഔട്ട് ആക്കുകയും ചെയ്തു.

പന്ത് ഫീൽഡറുടെ കെെയിൽ എത്തിയപ്പോൾ തന്നെ പന്ത് തിരിച്ച് ഓടാൻ ശ്രമിച്ചില്ലെന്നാണ് പലരുടെയും വിമർശനം. റൺഔട്ട് ആകാതിരിക്കാൻ പന്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്ന് പീറ്റേഴ്‌സൺ ആരോപിച്ചു. “റൺസ് ലഭിക്കേണ്ട ഷോട്ട് ആയിരുന്നില്ല അത്. പന്തിന്റേത് വിവേകശൂന്യമായ നടപടിയായിരുന്നു,” പീറ്റേഴ്‌സൺ പറഞ്ഞു. ഉടനെ പന്തിനെ പ്രതിരോധിച്ച് മുരളി കാർത്തിക് രംഗത്തെത്തി. “തന്റെ പങ്കാളിയുടെ വിളിക്ക് പന്ത് പ്രതികരിക്കുക മാത്രമാണ് ചെയ്‌തത്. സ്റ്റോയ്‌നിസ് റൺസിനായി വിളിച്ചു, പന്ത് ഓടി,” കാർത്തിക് പറഞ്ഞു. ഉടനെ പീറ്റേഴ്‌സൺ മറുപടി നൽകി; “സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ട്, അതിനാണ് പ്രാധാന്യം നൽകേണ്ടത്.”

സാമൂഹ്യമാധ്യമങ്ങളിലും പന്തിന്റെ റൺഔട്ടിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുക പോലും ചെയ്യാതെ വളരെ അലസനായാണ് പന്ത് ഓടിയതെന്ന് ഒരു വിഭാഗം പറയുന്നു. സ്റ്റോയ്‌നിസ് റണ്ണിനായി വിളിച്ചതാണ് വിക്കറ്റ് നഷ്ടപ്പെടാൻ കാരണമെന്നും പന്ത് നിരപരാധിയാണെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rishabh pant run video delhi capitals vs rajastan royals match

Next Story
മുൻ കേരള ക്രിക്കറ്റ് താരം എം.സുരേഷ് കുമാർ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com