/indian-express-malayalam/media/media_files/uploads/2020/04/raina-pant.jpg)
ന്യൂഡൽഹി: ഇതിനോടകം തന്നെ ഇന്ത്യൻ സീനിയർ ടീമിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞ താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ എംഎസ് ധോണിക്ക് ശേഷം ആരെന്ന വലിയ ചോദ്യത്തിന് ഇന്ത്യൻ സെലക്ടർമാർ മുന്നോട്ട് വച്ച ഉത്തരമാണ് റിഷഭ് പന്ത്. ഒരു വശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങുമ്പോഴും സ്ഥിരതയില്ലാത്ത പ്രകടനം താരത്തിന് തലവേദനയാണ്. പലരും ഇതിനോടകം തന്നെ പന്തിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ മുതിർന്ന താരങ്ങളിൽ പലരും പന്തിനെ പിന്തുണച്ച് രംഗത്തെത്താറുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ താരം സുരേഷ് റെയ്നയാണ് പന്തിനെ പ്രശംസയുമായി എത്തിയത്.
റിഷഭ് പന്ത് ഒരു മികച്ച ക്രിക്കറ്ററാണെന്ന് സുരേഷ് റെയ്ന പറയുന്നു. ഇടത് കൈയ്യന്മാരിൽ യുവരാജ് സിങ്ങിനെയും വീരേന്ദർ സെവാഗിനെയും അനുസ്മരിപ്പിക്കുംവിധമാണ് പന്ത് ബാറ്റ് ചെയ്യുന്നത്. പന്തിന്റെ ഫ്ലിക് ഷോട്ട് തന്നെ രാഹുൽ ദ്രാവിഡിനെ ഓർമ്മപ്പെടുത്തുന്നുവെന്നും റെയ്‌ന പറഞ്ഞു.
Also Read: ആത്മവിശ്വാസമുണ്ടേൽ അവൻ അപകടകാരിയാണ്; ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ഷമി
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യൻ ടീമിൽ പന്തിന്റെ സ്ഥാനം. ധോണിയുടെ പിൻഗാമിയായി എത്തിയ താരത്തിന് വിക്കറ്റിന് പിന്നിൽ തിളങ്ങാനായില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ സ്ഥിരത പുലർത്താത്തതും തിരിച്ചടിയായി. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ഉൾപ്പടെ താരത്തിന് അവസരം നൽകിയിരുന്നു. എന്നാൽ ഈ അവസരങ്ങൾ വേണ്ടരീതിയിൽ ഉപയോഗിക്കാൻ താരത്തിന് സാധിച്ചില്ല.
അതേസമയം ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളും നേരത്തെ കളിച്ചിരുന്നവരുമായ താരങ്ങൾ പന്തിന് വലിയ പിന്തുണയാണ് നൽകുന്നത്. ടീമിലെ യുവതാരത്തെക്കുറിച്ച് ഷമിക്ക് വലിയ മതിപ്പാണ്. പന്തിന് വേണ്ടത് ആത്മവിശ്വാസം മാത്രമാണെന്ന് പറഞ്ഞ താരം പന്തിന്റെ കഴിവിനെയും പ്രശംസിച്ചു. “റിഷഭ് പന്തിന്റെ കഴിവ് അതിശയകരമാണ്. അത് അവൻ എന്റെ സുഹൃത്തായതുകൊണ്ട് പറയുന്നതല്ല. ആത്മവിശ്വാസമാണ് വേണ്ടത്. ആ ആത്മവിശ്വാസം അവന് ലഭിച്ചാൽ പന്ത് അപകടകാരിയാണ്,” ഷമി പറഞ്ഞു.
Also Read: തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും; ധോണി നല്ലൊരു നേതാവ്
നേരത്തെ പന്തിനെ പിന്തുണച്ച് രോഹിത് ശർമ്മയും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളും എല്ലാവരും പന്തിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണെന്നാണ് താരങ്ങൾ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കിന്റെ പിടിയിലുള്ള താരത്തിന് പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഗ്ലൗ അണിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.