ഇന്ത്യൻ ടെസ്റ്റ് ടീമിൽ ധോണിയുടെ പകരക്കാരനായി എത്തിയ വൃദ്ധിമാൻ സാഹയുടെ പകരക്കാരനായാണ് ഋഷഭ് പന്ത് എത്തുന്നത്. എന്നാൽ വിക്കറ്റിന് പിന്നിൽ സീനിയർ താരങ്ങളെ കടത്തിവെട്ടുന്ന പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നത്. ഇതിനോടകം തന്നെ ഇതിഹാസങ്ങളുടെ റെക്കോർഡുകൾ പലതും തിരുത്തി മുന്നേറുന്ന പന്ത് പെർത്ത് ടെസ്റ്റിലും പുതിയ റെക്കോർഡ് എഴുതി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തുന്ന വിക്കറ്റ് കീപ്പറായാണ് പന്ത് മാറിയത്. പെർത്ത് ദിനത്തിലെ മൂന്നാം ദിനം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഷോൺ മാർഷിനെ ക്യാച്ചെടുത്ത് പുറത്താക്കിയാണ് താരം നേട്ടം കൈവരിച്ചത്.

മാർഷിനെ കൈപ്പിടിയിൽ ഒതുക്കിയതോടെ ഈ പരമ്പരയിൽ പന്ത് പുറത്താക്കിയവരുടെ എണ്ണം പതിനഞ്ചായി. ഇതോടെ പതിനാല് പുറത്താക്കലുകളുള്ള മുൻ നായകൻ മഹേന്ദ്ര സിങ് ധോണി, വൃദ്ധിമാൻ സാഹ, സയ്യിദ് കിർമാനി എന്നിവരുടെ റെക്കോർഡ് പന്ത് പഴങ്കഥയാക്കി.

ഇന്ത്യയിൽ വച്ച് നടന്ന 1979-80ലെ പരമ്പരയിലായിരുന്നു കിർമാനി 14 പുറത്താക്കലുകൾ നടത്തിയത്. ഇതിൽ 11 ക്യാച്ചും മൂന്ന് സ്റ്റംമ്പിങ്ങും ഉൾപ്പെടുന്നു. ധോണിയാകട്ടെ 2012-13 ൽ ഇന്ത്യയിൽ വച്ച് 9 ഓസിസ് താരങ്ങളെ ക്യാച്ചിലൂടെയും അഞ്ച് പേരെ സ്റ്റംമ്പിങ്ങിലൂടെയും പുറത്താക്കി. 2014-15 ൽ ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിലും ധോണി ഈ നേട്ടം കൈവരിച്ചിരുന്നു. അന്ന് 13 ഓസിസ് താരങ്ങളെ ക്യാച്ചിലൂടെയും ഒരാളെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. 2016-17 ൽ ഇന്ത്യയിൽ വച്ചായിരുന്നു സാഹയുടെ ഈ നേട്ടം. സാഹയും 13 ക്യാച്ചും ഒരു സ്റ്റംമ്പിങ്ങുമായിരുന്നു.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 11 ക്യാച്ചുകളായിരുന്നു പന്തിന്റെ സമ്പാദ്യം. ആദ്യ ടെസ്റ്റിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്നവരുടെ പട്ടികയിൽ പന്തും ഇടം നേടിയിരുന്നു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സല്‍, ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പമാണ് പന്തും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ