ബ്രിസ്ബെയ്നിലെ ഗബ്ബയിൽ ഇന്ത്യ നേടിയ ചരിത്ര വിജയ നിമിഷത്തെക്കുറിച്ച് ഓർക്കുകയാണ് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ റിഷഭ് പന്ത്. അവസാന ഷോട്ട് നേരിടുമ്പോൾ തന്റെ മനസിൽ എന്തായിരുന്നുവെന്ന് സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പന്ത് വിവരിച്ചത്. അവസാന ഘട്ടത്തിൽ തന്റെ ബാറ്റിങ് പാർട്ണറായ നവ്ദീപ് സൈനിയുടെ പരുക്ക് പോലും മറന്ന്, അദ്ദേഹത്തോട് മൂന്നു തവണ ഓടാൻ നിർബന്ധിച്ചുവെന്ന് പന്ത് വെളിപ്പെടുത്ത്.
Read More: ഭയമില്ലാതെ കളിച്ചു, ഓസീസ് ബോളർമാർക്കു മുന്നിൽ മുട്ടുമടക്കാതെ റിഷഭ് പന്ത്
ഇന്ത്യയ്ക്ക് ജയിക്കാൻ മൂന്നു റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഫോറടിച്ച് പന്ത് ചരിത്ര വിജയം തീർത്തത്. ”ആ ഷോട്ട് ബാറ്റിന്റെ അടിയിൽ തട്ടിയതായാണ് എനിക്ക് തോന്നിയത്. ഔട്ട്ഫീൽഡും മന്ദഗതിയിലായിരുന്നു. ബോൾ നീങ്ങുമ്പോൾ തന്നെ സൈനിയോട് ഞാൻ രണ്ടല്ല, മൂന്ന് വേണമെന്ന് പറയുന്നുണ്ടായിരുന്നു. സൈനിയുടെ പരുക്ക് എന്റെ മനസിൽ ഉണ്ടായിരുന്നില്ല. ഞാൻ വളരെ വേഗം ഓടുകയായിരുന്നു.”
A moment to savour for India! #AUSvIND pic.twitter.com/vSogSJdqIw
— cricket.com.au (@cricketcomau) January 19, 2021
”ആദ്യ റൺ ഞാൻ കണ്ണുമടച്ച് ഓടി. രണ്ടാമത്തെ റണ്ണിനായി ഓടുമ്പോൾ മിഡ് ഓഫ് ഫീൽഡർ ബോളിനു പുറകേയെല്ലെന്ന് ഞാൻ ശ്രദ്ധിച്ചു. ഇയാളെന്താ ഓടാത്തതെന്ന് ഞാൻ അതിശയിച്ചു. അപ്പോഴാണ് ബോൾ ബൗണ്ടറി ലൈനിലേക്ക് പോകുന്നത് ഞാൻ കണ്ടത്. അപ്പോൾ എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു. അപ്പോഴും ഞാൻ സൈനിയോട് മൂന്ന്, നമുക്ക് മൂന്ന് ഓടണമെന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു. സൈനി ഒറ്റകാലുമായാണ് ഓടുന്നത്. അത് രസകരമായിരുന്നു,” പന്ത് പറഞ്ഞു.
ഇന്ത്യ ഐതിഹാസിക വിജയം നേടിയ മത്സരത്തിൽ പുറത്താകാതെ 89 റൺസാണ് പന്ത് നേടിയത്.