എതിർ ടീമിലെ താരങ്ങളെ പ്രകോപിപ്പിക്കാനുള്ള ഓസ്ട്രേലിയൻ താരങ്ങളുടെ കഴിവിനെ കുറിച്ച് ക്രിക്കറ്റ് ലോകത്തിന് അറിവുള്ളതാണ്. മൈതാനത്തിന് പുറത്തും അകത്തും അവർ വാക്കുകൾ കൊണ്ട് അങ്ങനെ ചെയ്യാറുള്ളത് പതിവാണ്. എന്നാൽ അഡ്‍ലെയ്ഡിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ പ്രകോപനം നടത്തിയത് ഒരു ഇന്ത്യൻ താരമാണ്.

ഇന്ത്യയുടെ വിക്കറ്റ് കാവൽക്കാരൻ ഋഷഭ് പന്താണ് പ്രകോപനം ഉയർത്തി ഓസ്ട്രേലിയൻ താരത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചത്. ഓസ്ട്രേലിയക്കായി ബാറ്റ് വീശാൻ എത്തിയ ഉസ്മാൻ ഖ്വാജയെ സമ്മർദ്ദത്തിലാക്കാൻ ഇവിടെയുള്ളവരെല്ലാം പൂജാരമാരാകില്ലെന്നാണ് മത്സരത്തിനിടയിൽ പന്ത് പറഞ്ഞത്.

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ മുപ്പതാം ഓവറിലാണ് സംഭവം. ഷോൺ മാർഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഖ്വാജയോടായി പന്ത് ഉറക്കെ പറഞ്ഞു, ‘ഇവിടെയുള്ളവരെല്ലാം പൂജാരമാരാകില്ല’. ഇന്ത്യൻ ഇന്നിങ്സിൽ സെഞ്ചുറി തികച്ച ചേതേശ്വർ പൂജാരയുടെ ഇന്നിങ്സ് ചൂണ്ടികാട്ടിയാണ് പന്തിന്റെ പരാമർശം.

ഖ്വാജയ്ക്ക് കാര്യമായ സംഭവന നൽകാനും സാധിച്ചില്ല. 125 പന്തുകൾ നേരിട്ട താരത്തിന് 28 റൺസ് നേടാനെ സാധിച്ചുള്ളു. ആർ അശ്വിൻ ഖ്വാജയെ പന്തിന്രെ കൈകളിൽ തന്നെ എത്തിക്കുകയായിരുന്നു. സ്റ്റംമ്പ് മൈക്കുകളാണ് പന്തിന്റെ സംസാരം രേഖപ്പെടുത്തിയത്.

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 191 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ ബോളർമാർ ഒരേപോലെ തിളങ്ങുന്ന കാഴ്ചയായിരുന്നു അഡ്‌ലെയ്ഡിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook