മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഇന്ത്യൻ ടീമിൽ താരത്തിന്റെ പകരക്കാരനാരെന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ വിക്കറ്റ് കീപ്പറുമായി ബന്ധപ്പെട്ട് ഇത്ര വലിയ ഒരു ആശയകുഴപ്പമുണ്ടായിട്ടില്ല. മുതിർന്ന താരം വൃദ്ധിമാൻ സാഹയാണ് ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ കെ.എൽ രാഹുലിനൊപ്പം റിഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പിങ് ഗൗ അണിയാൻ സജ്ജമായി ടീമിനൊപ്പമുണ്ട്.
ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ഓസിസ് പര്യടനത്തിൽ ഈ നാലും താരങ്ങളും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
"റിഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് രാജ്യത്തെ മികച്ച രണ്ട് വിക്കറ്റ് കീപ്പർമാർ. പന്ത് ഫോമിലേക്ക് മടങ്ങി വരും. അദ്ദേഹത്തിന് വേണ്ടത് ഒരു മാർഗനിർദേശിയെയാണ്. ഒരുപാട് കഴിവുകളുള്ള വ്യക്തിയാണ് പന്ത്." ഗാംഗുലി പറഞ്ഞു.