സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഓസീസ് നായകന്‍ ടിം പെയ്‌നും ഇന്ത്യന്‍ താരം ഋഷഭ് പന്തും തമ്മിലുള്ള വാക്പോരുകള്‍. മൈതാനം വിട്ട പോര് പുറത്തേക്കും വരുന്നത് കഴിഞ്ഞ ദിവസം കണ്ടിരുന്നു. പെയ്നിന്റെ ബേബിസിറ്റര്‍ പരിഹാസത്തിന് ഓസീസ് നായകന്റെ കുട്ടികള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രവുമായാണ് പന്ത് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ആ പോര് അപ്രതീക്ഷിതമായ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വാക് യുദ്ധത്തില്‍ ഇടപ്പെട്ടിരിക്കുന്നത് ചില്ലറ ആളൊന്നുമല്ല, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി തന്നെയാണ്. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി ഇരു ടീമുകള്‍ക്കും ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നല്‍കിയ വിരുന്നിലായിരുന്നു രസകരമായ സംഭവം.

താരങ്ങളെ ഓരോരുത്തരെയായി ഹസ്തദാനം ചെയ്ത് പരിചയപ്പെടുന്നതിനിടെ പന്തിന്റെ അരികിലെത്തിയ ഓസീസ് പ്രധാനമന്ത്രി ‘നീ ആണല്ലേ ഞങ്ങളെ സ്ലെഡ്ജ് ചെയ്യുന്നത്’ എന്നു ചോദിക്കുകയായിരുന്നു. ടിം പെയ്‌നും പന്തും തമ്മിലുള്ള വാക്പോരിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിരിച്ചു കൊണ്ടുള്ള ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പക്ഷെ പന്തിന് മറുപടി പറയാനായില്ല. അദ്ദേഹത്തൊടൊപ്പം ചേര്‍ന്ന് ചിരിക്കാനല്ലാതെ.

പിന്നീട് തങ്ങള്‍ക്ക് ഇത്തരം മത്സരങ്ങള്‍ ഇഷ്ടമാണെന്നും നിങ്ങള്‍ക്ക് സ്വാഗതമെന്നും പറഞ്ഞാണ് സ്‌കോട്ട് മോറിന്‍സണ്‍ അടുത്ത താരത്തിലേക്ക് കടന്നത്. ഇതോടെ ക്രിക്കറ്റിന് പുറത്ത് താരങ്ങളും രാജ്യങ്ങളും പരസ്പരം കാത്തു സൂക്ഷിക്കുന്ന മാന്യതയുടേയും പരസ്പര ബഹുമാനത്തിന്റേയും മുഖമായി മാറി ഈ കാഴ്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook