ട്രിനിഡാഡ്: മൈതാനം കിട്ടിയില്ലെങ്കില്‍ ഹോട്ടല്‍ മുറി ഗ്രൗണ്ടാക്കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ബോളര്‍ കുല്‍ദീപ് യാദവും. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായിരുന്നു ഹോട്ടലിലെ കളി.ആദ്യ ഏകദിനം 13 ഓവര്‍ മാത്രം എറിഞ്ഞതിന് പിന്നാലെ മഴ എത്തുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയുമായിരുന്നു.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. വൈകുന്നേരം എഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനാല്‍ രണ്ടാം ഏകദിനത്തില്‍ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇന്ത്യ തയാറാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ടീമിലിടം നേടിയേക്കുമെന്നാണ് സൂചന.
മഴയെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചെങ്കിലും പിന്നെയും മഴ കളി മുടക്കി. വെസ്റ്റ് ഇന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. മഴ വീണ്ടും ശക്തിപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മഴയെ തുടര്‍ന്ന് 34 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതും മഴയെത്തി മത്സരം തടസപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ പിന്നെയും മഴ തുടര്‍ന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയര്‍മാര്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഇവിന്‍ ലൂയിസ് (40), ഷായ് ഹോപ്പ് (6) എന്നിവരായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. മറ്റൊരു ഓപ്പണറായ ക്രിസ് ഗെയ്ല്‍ 11 റണ്‍സുമായി പുറത്തായിരുന്നു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ ഏകദിന പരമ്പരയാണിത്. കരീബിയന്‍ മണ്ണിലൂടെ ഏകദിന ക്രിക്കറ്റില്‍ വീണ്ടും കരുത്ത് കാട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നു.