ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ ഇതുവരെ ഗംഭീര പ്രകടനം പുറത്തെടുത്ത ടീമുകളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസ്. യുവതാരം ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ഇന്നലെ മുംബൈക്കെതിരെ പരാജയപ്പെട്ടെങ്കിലും കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയം സ്വന്തമാക്കി. മുംബൈക്കെതിരെ രണ്ട് നിർണായക മാറ്റങ്ങളുമായിട്ടായിരുന്നു ഡൽഹി കളിക്കാനിറങ്ങിയത്. പരുക്കേറ്റ പന്തിന് പകരം അലക്സ് ക്യാരെയാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. പരുക്ക് കാരണമാണ് താരത്തിന് മുംബൈക്കെതിരായ മത്സരം നഷ്ടമായത്. അതേസമയം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കുന്നത് വരും മത്സരങ്ങളിലും ഡൽഹി നിരയിൽ പന്തുണ്ടാകില്ലെന്നാണ്.

Also Read: കൊമ്പുകോർത്ത് തെവാതിയയും ഖലീൽ അഹമ്മദും; ഇടപെട്ട് വാർണർ, വീഡിയോ

വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് പന്തിന് പരുക്കേൽക്കുന്നത്. എപ്പോൾ പന്തിന് മടങ്ങിയെത്താൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ശ്രേയസ് തന്നെ പറയുന്നു. ‘ഞങ്ങൾക്ക് അറിയില്ല(പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ച്), ഒരാഴ്ച വിശ്രമിക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. അവൻ ശക്തമായി തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,” മുംബൈക്കെതിരായ മത്സര ശേഷം ശ്രേയസ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ പിൻഗാമികളിൽ പ്രധാനിയാണ് പന്ത്. അക്രമണോത്സുകമായ ബാറ്റിങ്ങാണ് പന്തിന്റെ പ്രധാന പ്രത്യേകത. ഒപ്പം വിക്കറ്റിന് പിന്നിലും തിളങ്ങാനുള്ള കഴിവും. ഇതിനോടകം തന്നെ സീനിയർ ടീമിൽ നിരവധി അവസരങ്ങൾ ലഭിച്ച താരം വരും വർഷങ്ങളിൽ ടീമിലെ സ്ഥിര സാനിധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: പന്ത് സ്റ്റംപിൽ കൊണ്ടു, തെവാതിയ ക്രീസിന് പുറത്ത്; പക്ഷേ, ഔട്ടല്ല

അതേസമയം ഡൽഹിയെ പരാജയപ്പെടുത്തിയ മുംബൈയെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 163 വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻസ് നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് മാത്രം അവശേഷിക്കവേ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് മുംബൈ നേടിയത്. മുംബൈക്ക് വേണ്ടി ഡികോക്കും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook