വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 യിലെ ഋഷഭ് പന്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമായിരിക്കുകയാണ്. ധോണിക്കു പകരം ആര് എന്ന് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പന്തിന്റെ മികച്ച പ്രകടനം ബിസിസിഐക്കും ക്രിക്കറ്റ് ആരാധകര്‍ക്കും പ്രതീക്ഷ സമ്മാനിക്കുന്നു. പന്തിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരിക്കുകയാണ്.

ഋഷഭ് പന്ത് ഭാവിയുടെ താരമാണെന്ന് കോഹ്‌ലി പറഞ്ഞു. പന്തിന് അധിക സമ്മര്‍ദം നല്‍കരുതെന്നാണ് കോഹ്‌ലി പറയുന്നത്. പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹത്തിന് മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ സാധ്യതകള്‍ നല്‍കണമെന്നും കോഹ്‌ലി പറയുന്നു.

“ഭാവിയുടെ താരമായാണ് പന്തിനെ കാണുന്നത്. അതിനനുസരിച്ച കഴിവും പ്രാഗത്ഭ്യവും പന്തിനുണ്ട്. അദ്ദേഹത്തിന് സമയം നല്‍കുക. അധികം സമ്മര്‍ദത്തിലാക്കരുത്.” – കോഹ്‌ലി വ്യക്തമാക്കി.

Read Also: ‘കഞ്ചാവടിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കും’; തേജ് പ്രതാപിനെതിരെ ഭാര്യ

ധോണിയുടെ പിന്‍ഗാമിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും പന്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ വിമര്‍ശനങ്ങളും പന്തിനെ തേടി വന്നു. എന്നാല്‍, മൂന്നാം മത്സരത്തില്‍ 42 പന്തില്‍ നിന്ന് പുറത്താകാതെ 65 റണ്‍സ് നേടിയ പന്ത് വിമര്‍ശകരെയെല്ലാം ബൗണ്ടറി കടത്തിയിരിക്കുകയാണ്. നാല് ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതാണ് പന്തിന്റെ ഇന്നിങ്‌സ്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം പന്ത് മറികടന്നു. ഇന്ത്യയിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ട്വന്റി 20 യിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. 2017 ല്‍ ബെംഗളൂരുവില്‍ വച്ച് ധോണി സ്വന്തമാക്കിയ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. അന്ന് ഇംഗ്ലണ്ടിനെതിരെ ധോണി 56 റണ്‍സ് നേടിയിരുന്നു. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ പന്ത് നേടിയത് 42 പന്തില്‍ നിന്ന് 65 റണ്‍സാണ്. 22 വയസിന് മുന്‍പ് ട്വന്റി 20 ക്രിക്കറ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും പന്തിന് സ്വന്തം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook