രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ആദ്യ ട്വന്റി 20 യില്‍ ഡിആര്‍എസിലാണ് പിഴച്ചതെങ്കില്‍ ഇത്തവണ ആനമണ്ടത്തരമാണ് പന്ത് കളിക്കിടെ ചെയ്തത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബംഗ്ലാദേശിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് തകര്‍ക്കാന്‍ അവസരം ലഭിച്ചെങ്കിലും അശ്രദ്ധ മൂലം ഋഷഭ് പന്ത് അതു നഷ്ടപ്പെടുത്തി.

Read Also: ടോസ് ഇന്ത്യയ്ക്ക്: ആരാധകര്‍ക്ക് നിരാശ, സഞ്ജു ഇന്നും ടീമിലില്ല

യുസ്‌വേന്ദ്ര ചഹലെറിഞ്ഞ ആറാം ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ലിറ്റൺ ദാസിനെ സ്റ്റംപ് ചെയ്തെങ്കിലും സ്റ്റംപിനു മുന്നിൽ കയറി പന്തു പിടിച്ചതിന്റെ പേരിൽ പന്ത് നോബോളായി മാറി. പന്ത് കൃത്യമായി കെെകളിലെത്തിയ ശേഷം സാവധാനം സ്റ്റംപ് ചെയ്‌താൽ പോലും അതു വിക്കറ്റാകുമായിരുന്നു. എന്നാൽ, പന്ത് കാണിച്ച അശ്രദ്ധ ലിറ്റൺ ദാസിനു ‘ജീവൻ’ നൽകി. ലിറ്റിൺ ദാസ് പിന്നീട് തുടർച്ചയായി ബൗണ്ടറികൾ നേടി ബംഗ്ലാദേശിന്റെ സ്കോ‌ർ ബോർഡ് അതിവേഗം ചലിപ്പിച്ചു. വാഷിങ്ടൺ സുന്ദർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ലിറ്റൺ ദാസ് നൽകിയ അനായാസ ക്യാച്ച് രോഹിത് ശർമയും നിലത്തിട്ടു.

വിക്കറ്റിനു പിന്നിൽ നിന്ന് അശ്രദ്ധ കാണിച്ച പന്തിനെ ക്രിക്കറ്റ് പ്രേമികൾ വെറുതെ വിട്ടില്ല. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളായിരുന്നു പന്തിനെ തേടിയെത്തിയത്.

എന്നാൽ, ഉടനെ തന്നെ ഋഷഭ് പന്ത് താൻ കാണിച്ച മണ്ടത്തരത്തിനു പകരം വീട്ടി. എട്ടാം ഓവറിലെ രണ്ടാം പന്തിൽ ലിറ്റിൺ ദാസിനെ പുറത്താക്കിയാണ് പന്ത് പകരം വീട്ടിയത്. 21 പന്തിൽ 29 റൺസുമായി നിൽക്കുകയായിരുന്ന ലിറ്റൺ ദാസിനെ പന്ത് റണ്‍ഔട്ട് ആക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook