ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് റിഷഭ് പന്ത്. എന്നാൽ ടീമിന് വേണ്ടി ഇത്തവണയും കാര്യമായൊന്നും ചെയ്യാൻ പന്തിനായില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും നിരവധി ആരാധകരാണ് പന്തിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയത്. വിക്കറ്റിനും മുന്നിലും പിന്നിലും തിളങ്ങാൻ സാധിച്ചില്ലെന്ന് മാത്രമല്ല നിരന്തരം പിഴവുകൾ വരുതത്തിയതും പന്തിന് തിരിച്ചടിയായി.

മൂന്നാം മത്സരത്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലച്ചതോടെ പന്തിനെതിരെ വീണ്ടും ഇന്ത്യൻ ആരാധകർ രംഗത്തെത്തി. ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിൽ 26 പന്തുകളിൽ നിന്ന് 27 റൺസാണ് പന്ത് നേടിയത്. രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്തതുമില്ല. നാഗ്പൂർ ടി20യിൽ മുൻനിര മികച്ച തുടക്കം നൽകിയിട്ടും മധ്യനിരയിൽ പന്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.

Also Read: ബംഗ്ലാകടുവകളെ വീഴ്ത്തിയ ഇന്ത്യൻ സിംഹക്കുട്ടി; നാഗ്‌പൂരിൽ ചരിത്രമെഴുതി ദീപക് ചാഹർ

മൈതാനത്ത് നിരന്തരം പിഴവുകൾ വരുത്തുന്നതും പന്ത് പതിവാക്കിയിരുന്നു. ആദ്യ ടി20യിൽ അനാവശ്യമായി റിവ്യൂ പാഴാക്കിയതും തിരിച്ചടിയായി. ആ മത്സരത്തിൽ ഇന്ത്യയുടെ തോല്‍വിക്കു പ്രധാന കാരണമായി ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) തീരുമാനങ്ങളിലെ പിഴവുകളാണ്. അതില്‍ വിമര്‍ശനങ്ങളെല്ലാം ചെന്നു തറയ്ക്കുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ നെഞ്ചത്തും.

മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു ഡിആര്‍എസ് പിഴവുകളുടെ ഘോഷയാത്ര. ചഹല്‍ എറിഞ്ഞ ഓവറില്‍ മുഷ്‌ഫിഖർ റഹീം രണ്ടുതവണ എല്‍ബിഡബ്ല്യൂവിനു മുന്നില്‍ കുടുങ്ങിയതാണ്. ആദ്യ പന്തില്‍ റഹീമിന്റെ പാഡിലാണ് പന്തു തട്ടിയത്. ഇതു എല്‍ബിഡബ്ല്യൂ ആണെന്ന സംശയമുണ്ടായി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമായും ബോളര്‍ യുസ്വേന്ദ്ര ചഹലുമായും നായകന്‍ രോഹിത് ശര്‍മ സംസാരിച്ചു. എന്നാല്‍, എല്‍ബിഡബ്ല്യൂ അല്ലെന്ന് താരങ്ങള്‍ വിചാരിച്ചു. അതുകൊണ്ട് തന്നെ ഡിആര്‍എസ് ഉപയോഗിച്ചില്ല.

ചഹലിന്റെ ഓവറിന്റെ അവസാന പന്തില്‍ ഇന്‍സൈഡ് എഡ്‌ജുണ്ടെന്ന സംശയത്തില്‍ റിഷഭ് പന്താണ് ഡിആര്‍എസ് വേണമെന്ന് നായകന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടത്. തനിക്കു നൂറു ശതമാനം ഉറപ്പുണ്ട് എന്ന തരത്തിലായിരുന്നു ഋഷഭ് പന്ത് ഡിആര്‍എസ് ആവശ്യപ്പെട്ടത്. വിക്കറ്റാണെന്ന് നിങ്ങള്‍ക്കു ഉറപ്പുണ്ടോ എന്ന് രോഹിത് ശര്‍മ പലതവണ പന്തിനോട് ചോദിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തോടെയാണ് പന്ത് ഡിആര്‍എസ് വേണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍, ഡിആര്‍എസില്‍ അതു വിക്കറ്റല്ലെന്ന് ഉറപ്പായി. ഇതോട ഇന്ത്യയ്ക്ക് ഡിആര്‍എസ് നഷ്ടമായി.

Also Read: ‘നമ്മടുടെ പയ്യന്‍ കലക്കി’; ഹാട്രിക് ഹീറോയെ അഭിനന്ദിച്ച് ഇതിഹാസങ്ങള്‍

രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ സ്റ്റംപിന് മുന്നിൽ കയറി പന്ത് പിടിച്ച് സ്റ്റംപിങ് ചെയ്തതാണ് പന്തിനെതിരെ ഇന്ത്യൻ ആരാധകർ തിരിയാൻ കാരണം. യുസ്‌വേന്ദ്ര ചഹലെറിഞ്ഞ ആറാം ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ലിറ്റൺ ദാസിനെ സ്റ്റംപ് ചെയ്തെങ്കിലും സ്റ്റംപിനു മുന്നിൽ കയറി പന്തു പിടിച്ചതിന്റെ പേരിൽ പന്ത് നോബോളായി മാറി. പന്ത് കൃത്യമായി കെെകളിലെത്തിയ ശേഷം സാവധാനം സ്റ്റംപ് ചെയ്‌താൽ പോലും അതു വിക്കറ്റാകുമായിരുന്നു. വിക്കറ്റിനു പിന്നിൽ നിന്ന് അശ്രദ്ധ കാണിച്ച പന്തിനെ ക്രിക്കറ്റ് പ്രേമികൾ വെറുതെ വിട്ടില്ല. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളായിരുന്നു പന്തിനെ തേടിയെത്തിയത്.

മൂന്നാം ടി20യിൽ വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷം രാഹുൽ പുറത്തായപ്പോഴായിരുന്നു പന്ത് ക്രീസിലെത്തിയത്. എന്നാൽ ഒമ്പത് പന്തുകൾ നേരിട്ട പന്ത് ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. സൗമ്യ സർക്കാരാണ് പന്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്.

വലിയ പ്രതീക്ഷകളുമായി ഇന്ത്യൻ ടീമിലെത്തിയ താരത്തിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്തത് ടീമിനും താരത്തിനും ഒരേപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. രാഹുലിനെയോ സഞ്ജുവിനെയോ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിക്കണമെന്ന ആവശ്യവും ആരാധകരുടെ ഇടയിൽ ശക്തമാണ്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പന്തിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook