ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചു. അവേശകരമായ അഞ്ചാം ദിനത്തിലായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് ഇന്നിങ്സുകളിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ചേതേശ്വർ പൂജാരയ്ക്ക് ഒപ്പം വിക്കറ്റിന് പിന്നിലെ യുവതാരം ഋഷഭ് പന്തിന്റെ പ്രകടനവും നിർണ്ണായകമായി. പതിനൊന്ന് ഓസിസ് താരങ്ങളെയാണ് പന്ത് കൈപ്പിടിയിൽ ഒതുക്കി കൂടാരം കയറ്റിയത്.

ഒന്നാം ഇന്നിങ്സിൽ ആറ് ക്യാച്ചുകൾ നേടി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോർഡിനൊപ്പം എത്തിയ പന്ത്, രണ്ടാം ഇന്നിങ്സിൽ അഞ്ച് ക്യാച്ചുകൾ കൂടി തന്റെ അക്കൗണ്ടിൽ കൂട്ടിച്ചേർത്തു. ഇതോടെ ധോണിയെ മറികടന്ന് മറ്റൊരു ലോക റെക്കോർഡാണ് താരം കുറിച്ചത്.

ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്നവരുടെ പട്ടികയിൽ ഇനി പന്തും ഉണ്ടാകും. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സല്‍, ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പമാണ് പന്തും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ 1995ലായിരുന്നു ജാക്ക് റസ്സലിന്റെ നേട്ടം. എ.ബി.ഡിവില്ലിയേഴ്‌സ് 2013ല്‍ പാക്കിസ്ഥാനെതിരെ ജൊഹാനസ്ബര്‍ഗില്‍ തന്നെയാണ് റെക്കോർഡ് കുറിച്ചത്. ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ്, ബോബ് ടെയ്‍ലർ, ഇന്ത്യൻ താരം വൃദ്ധിമാൻ സാഹ എന്നിവരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. പത്ത് ക്യാച്ചുകൾ വീതമാണ് താരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 31 ക്യാച്ചുകളാണ് യുവതാരം ഇതുവരെ സ്വന്തമാക്കിയത്. ധോണി വിരമിച്ചതിന് പിന്നാലെ വൃദ്ധിമാൻ സാഹയായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ. സാഹ പരുക്കുമൂലം ടീമിന് പുറത്തായതോടെയാണ് പന്തിന് അവസരം ഒരുങ്ങിയത്. ദിനേശ് കാർത്തിക്കും ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഈ വർഷം ഗ്ലൗസ് അണിഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook