ഫ്‌ളോറിഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന താരമാണ് ഋഷഭ് പന്ത്. മികച്ച ബാറ്റ്‌സ്മാനാണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ ലഭിച്ച അവസരം ഇതുവരെ കൃത്യമായി മുതലെടുക്കാന്‍ പന്തിന് സാധിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും പന്തിന് തിളങ്ങാനായില്ല.

ഗോള്‍ഡന്‍ ഡക്കിനാണ് പന്ത് പുറത്താകുന്നത്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ താന്‍ തന്നെയാണ് ധോണിയുടെ പിന്‍ഗാമിയെന്ന് പന്ത് സൂചിപ്പിച്ചിരിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്ത് തന്റെ ബാറ്റിങ് മികവും കീപ്പിങ് മികവും മാത്രമല്ല ധോണിയെ വ്യത്യസ്തനാക്കുന്നത്. തീരുമാനങ്ങളെടുക്കുന്നതിലെ കണിശതയും ഡിആര്‍എസ് വിളിക്കുന്നതിലെ കൃത്യതയുമൊക്കെയാണ് ധോണിയെ ടീമിലെ നിര്‍ണായക സാന്നിധ്യമാക്കുന്നത്.

ഇന്നലെ ഡിആര്‍എസ് വിളിക്കുന്നതില്‍ താന്‍ ധോണിയ്ക്ക് പിന്‍ഗാമിയാണെന്ന് പന്ത് തെളിയിച്ചു. വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് പന്തിന്റെ തീരുമാനത്തോടെ ഇന്ത്യയ്ക്ക് നേടാനായത്. സൈനിയുടെ പന്തിലായിരുന്നു പൊള്ളാര്‍ഡ് പുറത്താകുന്നത്. ഫുള്‍ടോസ് ഡെലിവറിയില്‍ കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍ പന്തിന്റെ നിര്‍ദ്ദദേശത്തെ തുടര്‍ന്ന് കോഹ്‌ലി ഡിആര്‍എസ് വിളിക്കുകയായിരുന്നു. റിപ്ലേയില്‍ പൊള്ളാര്‍ഡ് ഔട്ടാണെന്ന് വ്യക്തമായി.