ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ റെക്കോർഡ് പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യൻ പ്രതീക്ഷകൾ എറിഞ്ഞിട്ട് വിൻഡീസ് ബോളർമാർ. മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ സ്കോർ ബോർഡിൽ 59 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ അവശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടപ്പെടുത്തി. ഇതിൽ ഏറ്റവും നിർണ്ണായകമായത് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഋഷഭ് പന്തിന്റെ വിക്കറ്റാണ്. തുടക്കംമുതൽ തകർത്തടിച്ച പന്ത് സെഞ്ചുറിക്കരികിൽ വീഴുകയായിരുന്നു.

രണ്ടാം ടെസ്റ്റിലും സെഞ്ചുറിക്കരികിൽ പുറത്തായതോടെ അപൂർവ്വ റെക്കോർഡാണ് പന്തിന് നഷ്ടമായത്. മൂന്ന് ടെസ്റ്റിനിടയിൽ വിദേശത്തും സ്വദേശത്തും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡിനുടമയാകാനുള്ള അവസരമാണ് പന്ത് എട്ട് റൺസകലെ തുലച്ചത്. 134 പന്തിൽ 92 റൺസ് നേടിയാണ് പന്ത് ഇക്കുറി പുറത്തായത്. നേരത്തെ രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിലും പന്ത് 92 റൺസിന് പുറത്തായിരുന്നു.

അതേസമയം, ഒരു റെക്കോർഡ് നഷ്ടപ്പെടുത്തിയപ്പോൾ മറ്റൊരു റെക്കോർഡ് പന്ത് തന്റെ പേരിൽ കുറിച്ചു. തുടർച്ചയായ രണ്ട് ഇന്നിങ്സുകളിൽ 90 റൺസിനും സെഞ്ചുറിക്കുമരികിൽ പുറത്താകുന്ന രണ്ടാമത്തെ താരമായാണ് പന്ത് മാറിയത്. മുൻ ഇന്ത്യൻ നായകനും നിലവിലെ അണ്ടർ 19 ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡാണ് ഇതിന് മുമ്പ് അടുത്തടുത്ത ഇന്നിങ്സുകളിൽ ഇത്തരത്തിൽ പുറത്തായ ഏക ഇന്ത്യൻ താരം. 1997 ൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ 92, 93 റൺസുകൾ നേടി രാഹുൽ പുറത്താകുകയായിരുന്നു.

എന്നാൽ ഋഷഭ് പന്ത് രണ്ട് ഇന്നിങ്സുകളിലും ഒരേ സ്കോറിനാണ് പുറത്തായത്. രണ്ട് മത്സരങ്ങളിൽ നിന്നാണ് പന്തിന്റെ നേട്ടമെന്ന പ്രത്യേകതയും ഉണ്ട്. രാജ്കോട്ടിൽ ഇന്നിങ്സ് വിജയം നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഹൈദരാബാദ് ടെസ്റ്റിൽ ഏകദിന ശൈലിയിലാണ് തുടക്കത്തിൽ പന്ത് ബാറ്റ് വീശിയത്. വിൻഡീസ് പേസർമാരെയും സ്പിന്നർമാരെയും മാറി മാറി ബൗണ്ടറി പായിച്ച പന്ത് അതിവേഗം അർദ്ധ സെഞ്ചുറി പിന്നിടുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇരുപത്തിയൊന്നുകാരൻ പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റിൽ ധോണിക്ക് പകരക്കാരനെ തേടുന്നതിനിടയിലാണ് പന്ത് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലായിരുന്നു പന്തിന്റെ കന്നി സെഞ്ചുറി. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും നേടിയ പന്ത് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാനൊരുങ്ങുകയാണ്. വിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും പന്ത് ഇടം പിടിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ